ന്യൂഡൽഹി: 'യെച്ചൂരിയുമായി 43 വർഷത്തെ സഹോദരബന്ധം, എസ്.എഫ്.ഐയിലായിരിക്കെ തുടങ്ങിയ ചങ്ങാത്തമാണ്. അന്നു മുതലിങ്ങോട്ട് അതിന് മങ്ങലേറ്റിട്ടില്ല'- യെച്ചൂരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചപ്പോൾ സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റംഗമായ പാലക്കാട് ആലത്തൂർ സ്വദേശി മുരളീധരന്റെ തൊണ്ടയിടറി, ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞു.
എട്ടു വയസിന്റെ വ്യത്യാസമുള്ള യെച്ചൂരിയെ മൂത്ത സഹോദരനായാണ് കാണുന്നത്. 1981ൽ, മുംബയിൽ എസ്.എഫ്.ഐയുടെ പരിപാടിയിലാണ് ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഗുജറാത്ത് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. യെച്ചൂരി എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും.
1988ലാണ് ഞാൻ ഡൽഹിയിലെത്തുന്നത്. തിരുവനന്തപുരം പാർട്ടി കോൺഗ്രസിനും രണ്ടുമാസം മുൻപ്. എന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നതും യെച്ചൂരിയാണ്. താനിട്ടിരിക്കുന്ന വെള്ള ഷർട്ട് അദ്ദേഹം വാങ്ങിതന്നതാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ഞാൻ അവിടെയുണ്ടായിരുന്നു.
ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ആസ്വദിച്ചു കഴിക്കും. കേരള സദ്യ ഭയങ്കര ഇഷ്‌ടമായിരുന്നു. പുകവലി നിറുത്തണമെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. സാധാരണ രാവിലെ 11 മണിയോടെ പാർട്ടി ഓഫീസിലെത്തും. തുറന്നു സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു. ദു:ഖവും സന്തോഷവും പങ്കുവയ്‌ക്കും. മകൻ ആശിഷ്, ഹർകിഷൻ സിംഗ് സുർജിത്, ജ്യോതിബസു എന്നിവരുടെ മരണം അദ്ദേഹത്തെ ഉലച്ചിരുന്നു.
പാർട്ടിക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഒരുപാട് കഷ്‌ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്കേറ്ര തിരിച്ചടിയും ദേശീയതലത്തിലെ ചലനങ്ങളും അദ്ദേഹം സംസാരിച്ചിരുന്നു. എന്തു നിലപാട് സ്വീകരിക്കണമെന്നതിൽ തെളിമയുള്ള ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹമെന്നും
മുരളീധരൻ പറഞ്ഞു.
പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിക്കുന്ന മുരളീധരന്റെ ഭാര്യ സുജാതയും എ.കെ.ജി ഭവനിൽ പ്രവർത്തിക്കുന്നു. മകൾ മൃദുല ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |