മലയാള സിനിമയുടെ അമ്മ മുഖമായിരുന്ന കവിയൂർ പൊന്നമ്മ വിടവാങ്ങി. സിനിമയിൽ നായകന്റെ കുടുംബജീവിതത്തിന് പൂർണത വരണമെങ്കിൽ അവിടെ കവിയൂർ പൊന്നമ്മയുടെ 'അമ്മസാന്നിദ്ധ്യം' അനിവാര്യമായിരുന്നു. സത്യൻ മുതൽ ദിലീപ് വരെയുള്ളവരുടെ അമ്മയായി അഭിനയിച്ചപ്പോഴും പൂർണത പ്രേക്ഷകന് അനുഭവവേദ്യമായത് മോഹൻലാലിനൊപ്പം ആയിരുന്നു. 1964ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത നസീർ-ഷീല ചിത്രമായ കുടുംബിനിയിൽ ഷീലയുടെ അമ്മയായി വേഷമിട്ട ശേഷമാണ് അമ്മ വേഷങ്ങൾ കവിയൂർ പൊന്നമ്മയെ തേടി ഒന്നിനുപുറകെ ഒന്നായി എത്തിയത്.
പകരം വയ്‌ക്കാൻ കഴിയാത്ത തരത്തിൽ അമ്മ വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ചപ്പോഴും ഗായിക എന്ന നിലയിൽ പൊന്നമ്മയെ പലരും തിരിച്ചറിഞ്ഞില്ല. ഓരോ നവരാത്രിക്കും മലയാളി കേൾക്കുന്ന ഒരു പ്രശസ്തമായ ഗാനം കവിയൂർ പൊന്നമ്മയാണ് പാടിയതെന്ന് എത്രപേർക്കറിയാം? 1972ൽ വിൻസെന്റ് സംവിധാനം ചെയ‌്ത തീർത്ഥയാത്ര എന്ന ചിത്രത്തിലെ അംബികേ ജഗദംബികേ എന്ന ഗാനം ആലപിച്ചത് കവിയൂർ പൊന്നമ്മയും, പി. മാധുരിയും, ബി. വസന്തയും ചേർന്നാണ്. പി. ഭാസ്‌കരന്റെ വരികൾക്ക് സംഗീതം നൽകിയത് എ.ടി ഉമ്മറായിരുന്നു.
ഗായികയാകാൻ മോഹിച്ചിരുന്ന കവിയൂർ പൊന്നമ്മ അഞ്ച് വയസു മുതൽ ആറ് വർഷം സംഗീതം പഠിച്ചിരുന്നു. തുടർന്ന് അഭിനയത്തിലേക്ക് വഴിതെളിച്ചതും സംഗീതമായിരുന്നു. എം.കെ. ത്യാഗരാജ ഭാഗവതരുടെ പാട്ട് കേട്ടാണ് സംഗീതമോഹം വളർന്നത്. ചങ്ങനാശേരിയിൽ എൽ.പി.ആർ. വർമ്മ, വെച്ചൂർ എസ്. സുബ്രഹ്മണ്യ അയ്യർ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. പതിനാലാം വയസിൽ കവിയൂർ കമ്മളത്തകിടി എൻ.എസ്.എസ് മൈതാനത്തായിരുന്നു അരങ്ങേറ്റം. കവിയൂർ പൊന്നമ്മ എന്ന പേര് അവിടെയാണ് പ്രഖ്യാപിച്ചത്. രണ്ടുവർഷം കച്ചേരികൾ അവതരിപ്പിച്ചു.
പൊന്നമ്മയുടെ പാട്ടിനെക്കുറിച്ച് അറിഞ്ഞാണ് തോപ്പിൽ ഭാസി, ശങ്കരാടി, ദേവരാജൻ, കേശവൻ പോറ്റി എന്നിവർ വീട്ടിലെത്തുന്നത്. ഒരു കീർത്തനം ആലപിക്കാൻ തോപ്പിൽ ഭാസി ആവശ്യപ്പെട്ടു. പാടിക്കഴിഞ്ഞപ്പോൾ നാടകത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. താത്പര്യമില്ലാതിരുന്ന പൊന്നമ്മ പിതാവ് ദാമോദരന്റെ നിർബന്ധത്തിലാണ് സമ്മതിച്ചത്. മൂന്നുമാസത്തെ റിഹേഴ്‌സലിനുശേഷം കെ.പി.എ.സിയുടെ വേദിയിലെത്തി. മൂലധനം നാടകത്തിൽ അർദ്ധശാസ്ത്രീയ സ്വഭാവമുള്ള പാട്ടുകൾ പാടിയഭിനയിച്ചു. 12 പാട്ടുകൾ സിനിമയിൽ ആലപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |