തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ തെന്നിവീണ് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ഏജീസ് ഓഫീസ് റിട്ട. ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. ജില്ലാ ട്രഷറിയിൽ നിന്ന് ഭർത്താവിന്റെ പേരിലുള്ള കുടുംബപെൻഷൻ വാങ്ങാനെത്തി മടങ്ങുകയായിരുന്നു. ഏജീസ് ഓഫീസ് റിട്ട. അക്കൗണ്ട്സ് ഓഫീസർ മണക്കാട് കുത്തുകല്ലുംമൂട് ടി.സി 69/479 ശ്രീജ ഭവനിൽ എൻ.സാവിത്രിയാണ് (78) മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം.
സീബ്രാലൈനിനോട് ചേർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡറിൽ നിന്ന് തെന്നിവീണാണ് ബസിനടിയിൽപെട്ടത്. സിഗ്നൽ മാറിയതിന് പിന്നാലെ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി സാവിത്രി തൽക്ഷണം മരിച്ചു. സംഭവത്തിൽ കണിയാപുരം ഡിപ്പോയിലെ ഡ്രൈവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
പതിനൊന്ന് വർഷം മുമ്പ് മരിച്ച റിട്ട. അദ്ധ്യാപകനായ ഭർത്താവ് ജനാർദ്ദനന്റെ പേരിലുള്ള കുടുംബ പെൻഷൻ വാങ്ങുന്നതിനാണ് സാവിത്രി ജില്ലാ ട്രഷറിയിൽ എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നുച്ചയ്ക്ക് 12ന് മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിക്കും. മക്കൾ: ഡോ. ശ്രീജ (കോഴിക്കോട് മെഡിക്കൽ കോളേജ്), ശ്രീജിത്ത് (എസ്.ബി.ഐ മാനേജർ, എറണാകുളം). മരുമക്കൾ: ഡോ. ബിനു (കോഴിക്കോട്), ഗോപിക (അഗ്രിക്കൾച്ചർ ഓഫീസർ, എറണാകുളം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |