കൊച്ചി: പൈതൃക രേഖാ സംരക്ഷണ പദ്ധതികൾക്കു തുടക്കമായതോടെ ജില്ലയിൽ ഉൾപ്പെടെ പുരാരേഖാ ഓഫീസുകൾ 'സ്മാർട്ടാകും". രാജ ഭരണകാലത്തെ ഉൾപ്പെടെ രേഖകളാണ് കൃത്യമായ സജ്ജീകരണങ്ങൾ ഇല്ലാതെ എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടുമായി നശിക്കുന്നത്.
കൈയെഴുത്തു പ്രതികൾ, താളിയോലകൾ, ചരിത്ര രേഖകൾ എന്നിവ ഉൾപ്പെടുന്ന പൊതു ആർക്കൈവുകളിലെ പൈതൃക രേഖകളാണ് റെക്കാഡ്‌സ് പബ്ലിക് ആക്ട് നടപ്പാക്കി സംരക്ഷിക്കുക. ഇതുമായി ബന്ധപ്പെട്ട് എറണാകുളം റീജണൽ ആർക്കൈവ്‌സിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സന്ദർശനം നടത്തി.
ഇതേത്തുടർന്നാണ് കേരള പബ്ലിക് റെക്കാഡ്സ് ആക്ട്‌സ് ബിൽ (2023) നടപ്പാക്കാനുള്ള നടപടികൾ സജീവമായത്. ചരിത്രരേഖകൾ സ്വകാര്യ വ്യക്തികളിൽ നിന്നുൾപ്പെടെ വാങ്ങാനും ആലോചിക്കുന്നുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം പുരാരേഖകൾ നശിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ജില്ലാ പൈതൃക കേന്ദ്രത്തിൽ നിന്ന് നഷ്ടപ്പെട്ട പൈതൃക രേഖകൾ തിരികെ ലഭിച്ചിട്ടില്ല. പഴയ കൊച്ചി സാമ്രാജ്യത്തിന്റെയും കൊളോണിയൽ കാലഘട്ടത്തിന്റെയും ചരിത്രപരമായ നിരവധി രേഖകളുണ്ട്.
ശ്രമങ്ങൾ വിഫലം
30 വർഷം മുമ്പ് കുറേ രേഖകകൾ മൈക്രോ ഫിലിം ചെയ്‌തെങ്കിലും അതും സൂക്ഷിക്കാൻ പറ്റിയില്ല. ഇവ ഫംഗസ് കയറി നശിക്കുകയായിരുന്നു.
എറണാകുളത്തെ റീജിയണൽ ആർക്കൈവ്‌സിൽ 16 വർഷം മുമ്പ് റെക്കാഡുകൾ ഡിജിറ്റലൈസ് ചെയ്യാൻ ശ്രമങ്ങളുണ്ടായെങ്കിലും പൂർത്തീകരിക്കാനായില്ല.
16 അംഗ സെലക്ട് കമ്മിറ്റിയിൽ പ്രതീക്ഷ
കേരള പബ്ലിക് റെക്കാഡ്സ് ആക്ട്‌സ് ബിൽ 2023 ജൂലായ് 11 നാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തുടർന്നാണ് ആർക്കൈവുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ 16 അംഗ സെലക്ട് കമ്മിറ്റി രൂപീകരിച്ചത്. ഈ സെലക്ട് കമ്മിറ്റിയിലാണ് ഇനി റീജിയണൽ ആർക്കൈവ്‌സുകളുടെ പ്രതീക്ഷ.
കമ്മിറ്റി സന്ദർശനം
പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി.നന്ദകുമാർ, എം.രാജഗോപാലൻ, കെ.വി.സുമേഷ്, ഇ.ടി.ടൈസൺ , പി.ഉബൈദുള്ള എന്നിവർക്കൊപ്പം ആർക്കൈവ്‌സ് ഡയറക്ടർ പാർവതി. എസ്, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, ആർക്കൈവിസ്റ്റ് മിനി പോൾ, ജില്ലാ കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് എറണാകുളം റീജണൽ ആർക്കൈവ്സ് ഓഫീസ് സന്ദർശിച്ചത്.
പുരാവകുപ്പിന്റെ കീഴിൽ സംരക്ഷിക്കേണ്ട കാലപ്പഴക്കമുള്ള രേഖകളെല്ലാം തന്നെ നാശത്തിന്റെ വക്കിലാണ്
അബ്ദുൾ നാസർ
മുൻ ആർക്കൈവിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |