കൊച്ചി: ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 68-ാമത് ഡോ.ടോണി ഡാനിയേൽ മെമ്മോറിയൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം കോതമംഗലം എം.എ കോളജ് 169.5 പോയിന്റുമായി മുന്നിലെത്തി.
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം (148) മൂക്കന്നൂർ എസ്.എച്ച്.ഒ ഹൈസ്കൂൾ (138) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തേവക്കൽ വിദ്യോദയ സ്കൂൾ (70), നായരമ്പലം ബി.വി.എച്ച്.എസ്.എസ് സ്പോർട്സ് അക്കാഡമി (60) ടീമുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
മൂന്ന് റെക്കാഡുകൾ
കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മീറ്റിന്റെ ആദ്യദിനം മൂന്ന് താരങ്ങൾ പുതിയ റെക്കാഡ് കുറിച്ചു. അണ്ടർ 16 പെൺകുട്ടികളുടെ 600 മീറ്ററിൽ എറണാകുളം മേഴ്സിക്കുട്ടൻ അക്കാഡമിയുടെ ഗായത്രി വിശ്വനാഥൻ (1:48.50), അണ്ടർ 18 വിഭാഗം 100 മീറ്ററിൽ എറണാകുളം സ്റ്റെല്ലാ മേരീസ് കോൺവെന്റ് സീനിയർ സ്കൂളിലെ ഹൃതിക അശോക് മേനോൻ (12.30), അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ 600 മീറ്ററിൽ അങ്കമാലി മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസിലെ എമിൽ ഹണി (1:32.20) എന്നിവരാണ് ആദ്യദിനത്തിൽ റെക്കോഡ് കൊയ്തത്.
700ലേറെ കായികതാരങ്ങൾ
43 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 700ലേറെ കായികതാരങ്ങൾ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാത്യു മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. മത്സരങ്ങൾ ഇന്ന് സമാപിക്കും. വൈകിട്ട് 4.30ന് എം.എ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |