ആലപ്പുഴ: ഉറച്ച ലക്ഷ്യബോധവും, കഠിനപ്രയത്നവും, കൂട്ടായ്മയും കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കൈപ്പിടിയിലാക്കിയത് തുടർച്ചയായ വിജയങ്ങൾ മാത്രമല്ല, റെക്കാഡുകളുമാണ്. നെഹ്റുട്രോഫി ജലമേളയിൽ തുടർച്ചയായി അഞ്ച് തവണ വെള്ളിക്കപ്പ് സ്വന്തമാക്കുന്ന ആദ്യ ക്ലബ്ബായി പി.ബി.സി. എഴുപത് വർഷത്തെ വള്ളംകളി ചരിത്രത്തിൽ ഏറ്റവും കുറവ് സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത പായിപ്പാടൻ ചുണ്ടന്റെ 4.14.82 മിനിറ്റ് റെക്കാഡ് ഇന്നലെ നടന്ന ആദ്യ ഹീറ്റ്സ് മത്സരത്തിൽ തന്നെ 4.14.35 മിനിറ്റുകൾ കൊണ്ട് പി.ബി.സി മറികടന്ന് അവിടെയും റെക്കാഡിട്ടു. ഇരു റെക്കാഡുകൾക്കും ഒപ്പം നിന്നത് പതിനാറാം വട്ടം ജലരാജാവായ കാരിച്ചാൽ ചുണ്ടനാണ്. ഇനി ഡബിൾ ഹാട്രിക്കാണ് പള്ളാത്തുരുത്തിയുടെ സ്വപ്നം.
1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകാരുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 1988ൽ വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു ആദ്യവിജയം. 98ൽ ചമ്പക്കുളത്തിൽ നേടിയ വിജയത്തിന് ശേഷം ക്ലബ്ബ് തിരിച്ചെത്തിയത് 2018ൽ പായിപ്പാടിൽ കിരീടം സ്വന്തമാക്കിക്കൊണ്ടാണ്
.2019ൽ നടുഭാഗം ചുണ്ടനിലും, 2022ൽ മഹാദേവികാട് കാട്ടിൽതെക്കതിലും വിജയിച്ച് (2020,2021 വർഷങ്ങളിൽ മത്സരം നടന്നില്ല) ഹാട്രിക് നേടി. കഴിഞ്ഞ തവണ വീയപുരം ചുണ്ടനിൽ വിജയം കൊയ്തു. അലൻ, ഏയ്ഡൻ കോശി അലൻ എന്നിവരാണ് ക്യാപ്ടൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |