നെയ്യാറ്റിൻകര: നെയ്യാർ രണ്ടായി വേർതിരിഞ്ഞൊഴുകുന്ന പാറക്കെട്ടുകളുടെയും മലയോരമേഖലയുടെയും സംഗമകേന്ദ്രം... ഈരാറ്റിൻപുറം. സഞ്ചാരികൾ ഏറെയെത്താൻ സാദ്ധ്യതയുള്ള ഇവിടെ ടൂറിസം പദ്ധതികൾ ആരംഭിക്കുമെന്ന് അധികൃതർ വാക്കുനൽകിയിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല. ഒടുവിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെ.ആൻസലൻ എം.എൽ.എയുടെ താത്പര്യപ്രകാരമാണ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നത്. ആറിനാൽ ചുറ്റപ്പെട്ട ഒരേക്കറോളം കരഭൂമിയും ചുറ്റുമുള്ള മൂന്നേക്കറോളം ഭൂമിയും ഇവിടെയുണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ നദി രണ്ടായി മാറുന്നിടത്ത് സഞ്ചാരികൾക്ക് വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യമാണ് ഇവിടേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. നിലവിൽ വിനോദസഞ്ചാരികളുടെ തിരക്കാണിവിടം.
തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട്
മുപ്പത് വർഷത്തോളമായി ഈരാറ്റിൻപുറത്തിന്റെ ടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്. എം.എൽ.എയുടെ ആവശ്യപ്രകാരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെക്കൊണ്ട് സർക്കാർ വിശദമായ പദ്ധതി തയ്യാറാക്കിയാണ് 2.66 കോടി രൂപ അനുവദിച്ച് പദ്ധതി നടപ്പിലാക്കിയത്. പ്രദേശത്തെ കൈയേറ്റങ്ങളും സ്ഥലത്തിന്റെ ഉടമസ്ഥ അവകാശത്തെപ്പറ്റിയുള്ള തർക്കങ്ങളും നഗരസഭയുടെ സഹായത്തോടെ പരിഹരിച്ചായിരുന്നു നടപടി. ഒന്നാംഘട്ടം പൂർത്തിയായതോടെ പദ്ധതി പ്രദേശം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇനി രണ്ടാംഘട്ടം
പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾതന്നെ നിരവധി സഞ്ചാരികൾ ഈരാറ്റുപുറത്തേക്ക് എത്തുന്നത്. അടുത്ത ഘട്ടത്തിൽ ജില്ലാടൂറിസം പ്രമോഷൻ കൗൺസിന്റെ ഫണ്ട് ഉപയോഗിച്ച് പാറക്കെട്ടുകളിലേക്ക് എത്തുന്നതിനുള്ള തൂക്ക് പാലവും റോക്ക് പാർക്കും യാത്ഥാർത്ഥ്യമാക്കും.
വികസനം അരികെ
ഈരാറ്റിൻപുറം വിനോദ സഞ്ചാര കേന്ദ്രം പ്രാവർത്തികമായാൽ നഗരത്തിലെ പെരുംപഴുതൂർ, മുട്ടക്കാട്, മാമ്പഴക്കര, ഇളവനിക്കര തുടങ്ങിയ വാർഡുകളിലും വികസനമെത്തും. ഈ മാറ്റം നഗരസഭയ്ക്ക് മുതൽക്കൂട്ടാകും. ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളേയും സ്ഥലങ്ങളേയും കോർത്തിണക്കി ഗ്രാമീണ മേഖലയിലെ ടൂറിസം സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനുള്ള സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതി ഏറ്റെടുത്തത്. പ്രകൃതിക്ക് കോട്ടംവരാതെ അവയുടെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |