പ്രമാടം : ഞെട്ടിക്കുംവിധം കവർച്ചയും തട്ടിപ്പുകളും പതിവാകുമ്പോൾ ജില്ലയിലെ എ.ടി.എം കൗണ്ടറുകൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. വിവിധ ബാങ്കുകളുടെ നിരവധി എ.ടി.എം കൗണ്ടറുകളാണ് ഉൾപ്രദേശങ്ങളിലടക്കം ജില്ലയിലുള്ളത്. പലതിനും സുരക്ഷയ്ക്ക് സെക്യൂരിറ്റി ജീവനക്കാർ ഇല്ല. മാസങ്ങൾക്ക് മുമ്പ് ജില്ലാ പൊലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് അധികൃതരുടെ യോഗത്തിൽ എല്ലാ എ.ടി.എം കൗണ്ടറുകൾക്കും സുരക്ഷ ഒരുക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടപ്പായില്ല. എ.ടി.എം കൗണ്ടറുകളുടെ സുരക്ഷയും ഉപഭോക്താക്കളുടെ വിശ്വാസ്യതയും തുലാസിലായിരിക്കുകയാണ്.
എ.ടി.എം സുരക്ഷാ മാന്വൽ
1. എ.ടി.എം കൗണ്ടറുകളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം.
2. പരിസരം നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകൾ സ്ഥാപിക്കണം.
3. കൗണ്ടറുകളിൽ സെക്യൂരിറ്റി അലാറം സ്ഥാപിക്കണം.
4. അടിയന്തര നടപടിക്ക് കൺട്രോൾ റൂമുകൾ സ്ഥാപിക്കണം.
(കൺട്രോൾ റൂമിൽ നിന്ന് പൊലീസ് സ്റ്റേഷനിൽ വിവരം
അറിയിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം).
5.കൗണ്ടറുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം.
ഉപഭോക്താക്കൾ ആശങ്കയിൽ
സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസും ബാങ്ക് അധികാരികളും വീഴ്ച വരുത്തിയത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ ജില്ലയിൽ രണ്ടിടങ്ങളിൽ എ.ടി.എം കവർച്ചാ ശ്രമങ്ങളും നടന്നു. വടശേരിക്കരയിൽ കവർച്ചാ ശ്രമമാണ് നടന്നതെങ്കിൽ തിരുവല്ലയിൽ പണവും നഷ്ടമായി. എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ച് കവർച്ചാശ്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂരിഭാഗം എ.ടി.എം കൗണ്ടറുകൾക്കും മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് അപ്രായോഗികമാണ്. പ്രധാന കൗണ്ടറുകളിൽ സുരക്ഷാ ജീവനക്കാരുണ്ട്. ബാക്കിയുള്ളയിടങ്ങളിൽ ക്യാമറകളുണ്ട്.
ബാങ്ക് അധികൃതർ
എ.ടി.എം കൗണ്ടറുകൾക്ക് സുരക്ഷ നൽകേണ്ടത് ബാങ്ക് അധികൃതരാണ്. കവർച്ച നടക്കുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി ചിന്തിച്ചാൽ പോര. ഗ്രാമപ്രദേശങ്ങളിലെ മിക്ക കൗണ്ടറുകൾക്കും മതിയായ സുരക്ഷയില്ല. പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും പരിമിതിയുണ്ട്.
പൊലീസ് അധികാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |