അനുശോചനമറിയിച്ച് നേതാക്കൾ
കണ്ണൂർ: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അനുശോചനമർപ്പിച്ച്നേതാക്കൾ. സഖാവ് പുഷ്പൻ നയിച്ചപോലെ ഒരു ജീവിതം മറ്റാരും നയിച്ചിട്ടുണ്ടാവില്ലെന്നും മൺമറയുന്നത് വിപ്ലവ സൂര്യനാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പുഷ്പൻ അത്ഭുത സഖാവാണെന്നും പുഷ്പന്റെ വേർപാട് വേദനിപ്പിക്കുന്ന അനുഭവമാണെന്നും പി.കെ ശ്രീമതി പറഞ്ഞു. മനസ്സിന്റെ ബലം കൊണ്ട് മരണത്തെ അകറ്റി നിർത്തിയ നേതാവാണ് അദ്ദേഹം.
പുഷ്പൻ അതിജീവനത്തിന്റെ പോരാളിയെന്നും ശ്രീമതി കൂട്ടിച്ചേർത്തു.പുഷ്പന്റെ മരണം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളിൽ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു അദ്ദേഹം. ഏത് രാഷ്ട്രീയക്കാർക്കും ആവേശം നൽകുന്ന ഓർമ്മയാണ് പുഷ്പനെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അനുശോചിച്ചു.പുഷ്പൻ ധീരനായ പോരാളിയാണെന്നും സമര പോരാട്ടത്തിലെ വീര്യം മറ്റുള്ളവർക്ക് പകർന്നുകൊടുത്ത സഖാവാണെന്നും എളമരം കരീം പറഞ്ഞു. പുഷ്പന്റെ ഓർമ്മ ഇടതുപക്ഷ പ്രവർത്തകർക്ക് എക്കാലവും ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്പോൾ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പൻ സംസാരിച്ചിട്ടുള്ളൂവെന്ന് എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
കൂത്തുപറമ്പിന്റെ രണഗാഥകളിൽ നാടിന്റെ തേങ്ങലായിരുന്ന സഖാവ് പുഷ്പൻ, ഞങ്ങളുടെ പുഷ്പേട്ടൻ വിട വാങ്ങിയിരിക്കുന്നുവെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. യൗവന തീക്ഷണമായ സമരനാളുകളിലൊന്നിൽ പോലീസിന്റെ വെടിയേറ്റ് കിടപ്പിലായിട്ടും നാടിന്റെ സമരാവേശമായിരുന്നു അദ്ദേഹം. ആ ഓർമകൾ ഞങ്ങൾക്ക് ചോരതുടിപ്പാർന്ന രക്തപുഷ്പമായിരിക്കുമെന്നും സ്പീക്കർ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |