മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രിയുടെ പ്രവർത്തനം നിറുത്തുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക ജില്ലാ ആസൂത്രണസമിതി യോഗത്തിൽ അറിയിച്ചു. നിപ, എം പോക്സ് പോലുള്ള രോഗങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ടി.വി.ഇബ്രാഹം എം.എൽ.എ പറഞ്ഞു. എം പോക്സ് പടരാതിരിക്കാൻ വിമാനത്താവളത്തിൽ പരിശോധനകൾ നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേയിൽ പണി പൂർത്തിയായ ഭാഗങ്ങൾ ഉടൻ തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.അബ്ദുൾ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു. കാക്കഞ്ചേരി ഭാഗത്ത് ചേളാരിച്ചന്തയിലേക്ക് ദേശീയപാതയിൽ നിന്നുള്ള പ്രവേശനം സാദ്ധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വിട്ടുകിട്ടാത്തതാണ് ആക്സസ് റോഡ് നിർമ്മിക്കാൻ തടസ്സമെന്നും സ്ഥലം വിട്ടുകിട്ടിയാലുടൻ ആക്സസ് റോഡ് അനുവദിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തിരൂർ-കടലുണ്ടി റോഡിൽ ടാറിംഗ് പ്രവൃത്തി ആരംഭിക്കുംമുമ്പ് ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മലപ്പുറം മച്ചിങ്ങൽ ഭാഗത്ത് റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് പി. ഉബൈദുള്ള എം.എൽ.എയുടെ നിർദ്ദേശത്തിന് മറുപടിയായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി.എൻജിനീയർ അറിയിച്ചു.
മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലുമുള്ള ഉപയോഗശൂന്യമായ വാഹനങ്ങളും പാഴ്‌വസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാകളക്ടർ വി.ആർ.വിനോദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തിരൂർ സബ്കളക്ടർ ദിലീപ് കൈനിക്കര, അസിസ്റ്റന്റ് കളക്ടർ വി.എം.ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി.ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |