മൂവാറ്റുപുഴ: ആവോലിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വെലിക്കുന്നേൽ ബിജുവിന്റെ മകൻ തേജസ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലോടെ ആവോലി പഞ്ചായത്തോഫീസ് റോഡിൽ നിന്ന് സ്‌കൂട്ടിയിൽ ആവോലി നടുക്കര റോഡിലേക്ക് കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ ബൈക്ക് തേജസും അമ്മ ഡാഫിനയും സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തേജസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടരയോടെ തേജസ് മരണപ്പെടുകയായിരുന്നു. അപകടത്തിൽ അമ്മ ഡാഫിന നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരായ രണ്ടുപേരിൽ ഒരാളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലും ഒരാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തേജസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ഇന്ന് രാവിലെ 9 മുതൽ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും.സംസ്‌കാരം ഉച്ചയ്ക്ക് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരൻ: ക്രിസ്റ്റോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |