തലശ്ശേരി: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് മുപ്പതാണ്ടുകാലം അനക്കമറ്റ ജീവിതത്തിൽ നിന്ന് പുഷ്പൻ മടങ്ങി. പ്രവർത്തകരുടെ മനസിൽ അന്ന് വെടിയേറ്റ് മരിച്ച കെ.കെ.രാജീവൻ, കെ.ബാബു, മധു, കെ.വി.റോഷൻ, ഷിബുലാൽ എന്നിവർക്കൊപ്പം രക്തസാക്ഷിയായി. മേനപ്രത്ത് പാർട്ടി വാങ്ങിയ സ്ഥലത്ത് പുഷ്പൻ എരിഞ്ഞടങ്ങുമ്പോൾ രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യവുമായി നൂറുകണക്കിന് തൊണ്ടകൾ അന്ത്യാഭിവാദ്യം മുഴക്കി.
പുഷ്പനെ അന്ത്യയാത്രയർപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ തലശ്ശേരി,കൂത്തുപറമ്പ്,മാഹി മേഖലയിലെ പാർട്ടി പ്രവർത്തകരും നേതാക്കളും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും അവസാനമായി ഒരു നോക്ക് കാണുവാൻ ആളുകൾ ഒഴുകിയെത്തി. പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നലെ തലശ്ശേരി, കൂത്തുപറമ്പ്, മാഹി നിയോജക മണ്ഡലങ്ങളിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഹർത്താലായിരുന്നു. കടകൾ പൂർണമായും അടഞ്ഞു കിടന്നു. ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും നടന്നു. രാവിലെ 11 മണിയോടെയാണ് തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ മൃതദേഹം എത്തിയത്. രാവിലെ മുതലേ അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയെത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ എം വി ജയരാജൻ,സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, എം.പിമാരായ ശിവദാസൻ,പി. സന്തോഷ് കുമാർ,എ.എം.റഹീം, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, തലശ്ശേരി നഗരസഭ അദ്ധ്യക്ഷ കെ.എം.ജമുനാറാണി,വൈസ് ചെയർമാൻ എം.വി.ജയരാജൻ, എം.സ്വരാജ്, കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ,എം.സി.പവിത്രൻ, സി.കെ.രമേശൻ , വി.കെ.രാകേഷ്, കെ.കെ.പവിത്രൻ, പി..ഹരീന്ദ്രൻ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ ആയിരങ്ങൾ അന്തിമ ഉപചാരമർപ്പിക്കാനെത്തിയിരുന്നു.
തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ നിന്ന് മൃതദേഹവുമായുള്ള വാഹനം കതിരൂർ വഴി കൂത്തുപറമ്പിലും തുടർന്ന് പാനൂർ വഴി മേക്കുന്ന് ചൊക്ലി രാമവിലാസം ഹൈസ്‌കൂളിലെത്തി.ഇവിടെയും പൊതുദർശനത്തിന് വച്ചു.മുതിർന്ന നേതാക്കളുടെ വേർപാടിൽ പാർടി നൽകി വന്ന അതേ ആദരവും സ്‌നേഹവുമാണ് പുഷ്പനും പാർട്ടി നൽകിയത്. ചൊക്ലി ടൗൺ മുതൽ മേനപ്രം വരെയുളള ഒന്നര കിലോമീറ്റർ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കാഞ്ഞിരത്തിൻ കീഴിൽ ബസാർ മുതൽ ചൊക്ലി ടൗൺ വരെയുള്ള റോഡ് മണിക്കൂറുകളോളം നിന്ന് തിരിയാനിടമില്ലാതെ ജനസാഗരമായി. രാമവിലാസം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ദേഹം കാണാൻ അച്ചടക്കത്തോടെ ജനാവലി നീണ്ട ക്യൂവിൽ കാത്തു നിന്നു.നാലര മണിയോടെയാണ് മേനപ്രത്തെ വീട്ടിലേക്ക് ഭൗതികശരീരം എത്തിയത്. വീട്ടിലേക്കുള്ള സഞ്ചാരവഴികളിലെല്ലാം വൻ ജനക്കൂട്ടം പുഷ്പനെ ഒരു നോക്ക് കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു.
മൃതദേഹം ചിതയിലേക്കെടുക്കുമ്പോൾ 'ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ.. ധീരവീരാ പുഷ്‌പേട്ടാ...ഇല്ല, നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. എന്ന മുദ്രാവാക്യം മുഴങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |