ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്‌ബുള്ളയെ തകർക്കുന്നതിനുള്ള ഇസ്രയേൽ നടപടി കൂടുതൽ ശക്തിപ്പെടുന്നു. ഇന്ന് പുലർച്ചെയോടെ ഇസ്രയേൽ ബെയ്‌റൂട്ടിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നാലുപേർ മരിച്ചു. ബെയ്‌റൂട്ടിലെ ജനവാസമേഖലയ്‌ക്ക് നേരെയാണ് ഇസ്രയേൽ ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്. കോല ജില്ലയിൽ ഒരു അപാർട്ട്‌മെന്റിന്റെ മുകളിലത്തെ നിലയാണ് വ്യോമാക്രമണത്തിൽ തകർത്തത്. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് ഇസ്രയേലി ഡ്രോണുകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു.
ബെയ്‌റൂട്ടിന് ശേഷം ഇസ്രയേൽ സൈന്യം ബെകാ മേഖലയിലേക്ക് തിരിയുമെന്നാണ് വിവരം. വടക്കൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം അപകട സൂചന മുൻനിർത്തി ശക്തമായ സൈറൻ മുഴങ്ങിയിരുന്നു. എന്നാൽ ലെബനൻ അയച്ച ഒരു മിസൈലിന്റെ മുന്നറിയിപ്പ് സൈറനായിരുന്നു അതെന്നും തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈലിനെ തകർത്തെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അവസാനവാക്കായ സെക്രട്ടറി ജനറൽ ഹസൻ നസ്രള്ളയെ (64) ഇസ്രയേൽ കഴിഞ്ഞദിവസം വ്യോമാക്രമണത്തിൽ വധിച്ചിരുന്നു.ഹിസ്‌ബുള്ളയുടെ സഹസ്ഥാപകനായ നസ്രള്ള 32 വർഷമായി സംഘടനയുടെ തലവനായിരുന്നു. ഇസ്രയേലിനെ ഭയന്ന് നസ്രള്ള ഒളിവിൽ കഴിഞ്ഞിരുന്ന ബെയ്റൂട്ടിലെ ഭൂഗർഭ കേന്ദ്രം ബോംബാക്രമണത്തിൽ ചിന്നിച്ചിതറി. നസ്രള്ളയുടെ മകൾ സൈനബും ഉന്നത കമാൻഡർ അലി കരാകെ അടക്കം അഞ്ച് ഹിസ്ബുള്ള ഉന്നതരും കൊല്ലപ്പെട്ടു.
പശ്ചിമേഷ്യയിലെ ശക്തനായ ഷിയാ നേതാവായിരുന്നു നസ്രള്ള. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് അടിയിൽ ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ ഗ്രൂപ്പിന്റെ പുതിയ മേധാവിയാകും. എന്നാൽ 60കാരനായ ഇയാളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |