ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കായി സ്‌കൂട്ടറിൽ കൊണ്ട് പോയ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഏലുരു ജില്ലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ സുധീറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങൾക്ക് പ്രത്യേകമായി തയ്യാറാക്കിയ ഒനിയൺ ബോംബുകൾ സ്‌കൂട്ടറിൽ കൊണ്ടുവരികയായിരുന്നു യുവാക്കൾ. ഐഇഡി ബോംബുകൾക്ക് സമാനമായ സ്ഫോടക ശേഷിയുളളതാണ് ഒനിയൺ ബോംബുകൾ. സ്കൂട്ടർ ഒരു ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന കുഴിയിൽ വീഴുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സുധീറും മറ്റൊരു യുവാവും ഒരു വെളള സ്‌കൂട്ടറിൽ ഒനിയൺ ബോംബ് ശേഖരവുമായി ഒരു ഇടുങ്ങിയ റോഡിലൂടെ വരികയായിരുന്നു. പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തുവച്ചാണ് സ്‌കൂട്ടർ കുഴിയിലേക്ക് വീണത്. ആ സമയത്ത് ജംഗ്ഷനിലായി ആറ് യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയോടെ പ്രദേശത്ത് മുഴുവനായി കറുത്ത പുകയും പൊടിപടലങ്ങളും വ്യാപിച്ചു. യുവാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു.
അപകടത്തിൽ തെറിച്ച് പലയിടങ്ങളിലായി കിടക്കുന്ന യുവാക്കളെ വീഡിയോയിൽ കാണാം. തുടർന്ന് സമീപത്തെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവടെ അടുത്തുളള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |