SignIn
Kerala Kaumudi Online
Monday, 30 September 2024 2.55 PM IST

ഡി.എം.കെയിൽ വീണ്ടും 'സൺ റൈസ്'

Increase Font Size Decrease Font Size Print Page
vv

ഉദയസൂര്യൻ ആണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) ചിഹ്നം. പാർട്ടിയുടെ പരമാധികാരിയായ നേതാവിന്റെ മകൻ ഉദിച്ചുയരുന്ന പാർട്ടിയായി ഡി.എം.കെ മാറിയെന്ന കുശുമ്പു പറച്ചിലുകൾ ആദ്യമുയർന്നത്, മകൻ എം.കെ. സ്റ്റാലിനെ പിൻഗാമിയാക്കാൻ കരുണാനിധി തീരുമാനിച്ചപ്പോഴായിരുന്നു. അതേ ആരോപണം ഇപ്പോഴും ഉയർന്നു. സ്റ്റാലിന്റെ മകൻ ഉദയനിധി ഉപമുഖ്യമന്ത്രിയായി വാഴിക്കപ്പെട്ടിരിക്കുന്നു! ഇംഗ്ലീഷിൽ 'സൺ റൈസ്" എന്നാൽ ഉദിച്ചുയരുന്ന സൂര്യൻ ആണ്. സൺ (son) എന്ന വാക്കിന് മകൻ എന്ന അർത്ഥം വരുമ്പോൾ ഉദിച്ചുയരുന്ന മകനാകും. അങ്ങനെ ഉദിച്ചുയർന്ന മകനായി ഉദയനിധി മാറി!

കരുണാനിധിക്ക് സ്റ്റാലിനെ പിൻഗാമിയാക്കുന്നതിന് കുടുംബത്തിനകത്തു നിന്നുതന്നെ ശക്തമായ വിയോജിപ്പുകളുണ്ടായിരുന്നു. മകൻ അഴഗിരി ശക്തമായ എതിർപ്പുമായി രംഗത്തെത്തി. പാർട്ടിക്കകത്തും ഭിന്നിപ്പിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. എന്നാൽ കലൈഞ്ജരുടെ ബുദ്ധിയും സ്റ്രാലിന്റെ തന്ത്രങ്ങളും ചേർന്നപ്പോൾ അഴഗിരി നിസഹായനായി പിന്മാറി. അത്തരത്തിലൊരു ഒരു പ്രശ്നവും ഉദയനിധിയുടെ കാര്യത്തിൽ സ്റ്റാലിന് നേരിടേണ്ടി വന്നില്ല. കരുതലോടെയായിരുന്നു കരുനീക്കം. പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് തീരുമാനത്തിലേക്ക് കടന്നത്. സ്റ്റാലിൻ കഴിഞ്ഞാൽ കരുണാനിധിയുടെ കുടുംബത്തിൽ നിന്നുള്ളവരിൽ ജനപ്രീതി ഏറെയുള്ളത് കനിമൊഴിക്കാണ്. തുടക്കം മുതൽ ദേശീയ രാഷ്ട്രീയത്തിലേക്കാണ് കനിമൊഴി നിയോഗിക്കപ്പെട്ടിരുന്നത്. സഹോദരിയെ സംസ്ഥാന രാഷ്ട്രീയത്തിലെത്തിക്കാത്തതിനു പിന്നിൽ സ്റ്റാലിന്റെ ബുദ്ധിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

യുവജന വിഭാഗത്തിന്റെ നേതാവ് ആയപ്പോൾത്തന്നെ ഉദയനിധി പിതാവിന്റെ പിൻഗാമിയാകുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ഒന്നും പരസ്യമായി പറഞ്ഞിരുന്നില്ലെങ്കിലും പാർട്ടി പ്രവർത്തകർക്ക് അവരുടെ 'ചിന്നവർ" സ്റ്റാലിന്റെ പിന്മാഗാമിയാകുമെന്ന സന്ദേശം വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു നൽകുകയായിരുന്നു നേതാക്കൾ.

‌കരുണാനിധി തുടർച്ചയായി മൂന്നു തവണ വിജയിച്ച ചെന്നൈ ചെപ്പോക്ക് മണ്ഡലമാണ് മകന് മത്സരിക്കാൻ സ്റ്റാലിൻ നൽകിയത്. 69,355 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉദയനിധി വിജയിച്ചു. ചെപ്പോക്കിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.

ഒന്നര വർഷത്തിനു ശേഷം 2022 ഡിസംബർ 12-നു ചേർന്ന ഡി.എം.കെ ഉന്നതാധികാര സമിതിയാണ് ഉദയനിധിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്റ്റാലി​ൻ കൈവശം വച്ചിരുന്ന കായിക, യുവജനകാര്യ,​ ക്ഷേമകാര്യ വകുപ്പുകൾ മകനു നൽകി. ഉദയനിധി ഉപമുഖ്യനായതോടെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ദുരൈമുരുകന് ആ പദവി നഷ്ടമായി. പാർട്ടി ജനറൽ സെക്രട്ടറിയാണ് ദുരൈ മുരുകൻ. പക്ഷെ, പദവിയിലൊന്നും ഒരു കാര്യവുമില്ല. സ്റ്റാലിൻ തീരുമാനിക്കും; നടപ്പിലാക്കും. കൂടെ നിന്നാൽ കൈയിലുള്ളത് നഷ്ടമാകാതിരിക്കും. കേഡർ പാർട്ടിയെന്ന് നേതാക്കൾ പറയുമെങ്കിലും കുടംബാധിപത്യമാണ്. 2019 മുതൽ ഡി.എം.കെ യുവജന വിഭാഗത്തിന്റെ സെക്രട്ടറി. 1982 മുതൽ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്. 2021-ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പും പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളായിരുന്നു ഉദയനിധി.

ലോക‌്സഭാ വിജയം

നേട്ടമായി

ഇത്തവണത്തെ ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും നയിച്ചത് ഉദയനിധി സ്റ്റാലിനായിരുന്നു. പുതുച്ചേരി ഉൾപ്പെടെ 40ൽ 40 സീറ്റും ഡി.എം.കെ മുന്നണി നേടിയെടുക്കയും ചെയ്തു. ഇതോടെ ഉദയനിധിയുടെ ഉപമുഖ്യമന്ത്രിക്കസേര ഉറച്ചു. ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി നാളത്തെ മുഖ്യമന്ത്രി എന്നതിൽ ഡി.എം.കെ പ്രവർത്തകർക്ക് സന്ദേഹമില്ല. പൊതുവെ ദുർബലമാണ് തമിഴ്നാട്ടിലെ പ്രതിപക്ഷം. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്ന നടൻ വിജയ് അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം നേടിയെടുക്കുന്ന വിധത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്നും പ്രവർത്തകർ വിശ്വസിക്കുന്നില്ല. ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ വേദിയിൽ വച്ച് ഇന്നലെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്ന് പ്രചാരണമുണ്ടായെങ്കിലും അതുണ്ടായില്ല.

എ.ഡി.എം.കെയും

ബി.ജെ.പിയും

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെ പ്രസ്താവനകളിലൂട കളിയാക്കുകയാണ് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ചെയ്തത്. 'തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു മകൻ കൂടി ഉയരും" എന്ന് ബി.ജെ.പി പരിഹസിച്ചപ്പോൾ, 2026- ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ അന്ത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അണ്ണാ ഡി.എം.കെ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനാണെന്നതു മാത്രമാണ് ഉദയനിധിയുടെ യോഗ്യതയെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഇതാണ് പ്രധാനമന്ത്രി മോദി പറയുന്ന പരിവാർവാദമെന്നും (സ്വജനപക്ഷപാതം) അദ്ദേഹം പറഞ്ഞു.

'ആദ്യം കരുണാനിധി, പിന്നെ സ്റ്റാലിൻ, അദ്ദേഹത്തിനു ശേഷം ഉദയനിധി. ഇതു തന്നെയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുഴുവൻ അവസ്ഥയും. ഇന്ത്യൻ സഖ്യത്തിന് രണ്ടു തൂണുകളേയുള്ളൂ, ഒന്ന് കുടുംബവും മറ്റൊന്ന് അഴിമതിയും"-ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയുടേതാണ് വാക്കുകൾ. വീണ്ടും അധികാരത്തിലെത്തുക എന്നത് ഡി.എം.കെയുടെ സ്വപ്നമായി മാറുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് കോവൈ സത്യൻ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UDAYANIDHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.