ചെന്നൈ: ഉപമുഖ്യമന്ത്രി സ്ഥാനം മകൻ ഉദയനിധിക്ക് സമ്മാനിച്ചതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാജ്‌ഭവനിലെ ഭാരതിയാർ ഹാളിൽ നടന്ന ചടങ്ങിൽ സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആർ.എൻ.രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദയനിധി മന്ത്രിസഭാംഗമായതിനാൽ പ്രത്യേക സത്യപ്രതിജ്ഞ വേണ്ടിവന്നില്ല. ചടങ്ങിൽ എം.കെ സ്റ്റാലിൻ, സ്പീക്കർ അപ്പാവു, ഡി.എം.കെ മന്ത്രിമാർ, മുന്നണി നേതാക്കൾ എന്നിവർ പങ്കെടുത്തു. കൈക്കൂലിക്കേസിൽ അറസ്റ്റിലായി 15 മാസം ജയിലിൽ കിടന്ന സെന്തിൽ ബാലാജി, ജാമ്യം ലഭിച്ച് തിരിച്ചിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മന്ത്രി പദവിയിൽ എത്തുന്നത്. അറസ്റ്റിലാകും മുൻപ് എക്‌സൈസ് -വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത സെന്തിലിന് അതേ വകുപ്പുകൾ തന്നെ ലഭിച്ചു. ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതികവുമാണ് ഗോവി ചെഴിയന്റെ വകുപ്പുകൾ. ആർ. രാജേന്ദ്രൻ-ടൂറിസം, കരിമ്പ് വികസനം, എസ്.എം. നാസറിന് ന്യൂനപക്ഷം, വഖഫ് ബോർഡ് എന്നീ വകുപ്പുകളും നൽകി. സെൻജി മസ്താൻ, രാമചന്ദ്രൻ, മനോ തങ്കരാജ് എന്നിവരെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയാണ് ഇവരെ ഉൾപ്പെടുത്തിയത്. ആറ് മന്ത്രിമാരുടെ വകുപ്പുകൾ പുനഃസംഘടിപ്പിച്ചു.
മൂന്നാമത്തെ ഉപമുഖ്യമന്ത്രി
തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 2009-2011ൽ കരുണാനിധി മന്ത്രിസഭയിൽ എം.കെ. സ്റ്റാലിനും, 2017-21ൽ എടപ്പാടി പളനിസാമി മന്ത്രിസഭയിൽ ഒ.പനീർസെൽവവും ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. ഇന്നലെ ചെന്നൈയിലെ അണ്ണാദുരൈ സ്മാരകം മറീനാ ബീച്ചിലെ കരുണാനിധി സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽ എത്തി ഉദയനിധി പുഷ്പങ്ങളർപ്പിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹവും തേടിയിരുന്നു.
'' ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് കൂടുതൽ അവസരം നൽകിയത്. വിമർശനങ്ങൾക്ക്
പ്രവർത്തനങ്ങളിലൂടെ മറുപടി നൽകും. മുഖ്യമന്ത്രിയുടെയും മുതിർന്ന മന്ത്രിമാരുടെയും നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കും. എല്ലാവർക്കും നന്ദി''
- ഉദയനിധി സ്റ്റാലിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |