വയനാടിന്റെ ഭൂപടം മാറ്റിവരച്ച ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് രണ്ടുമാസമാകുന്നു. ഒരു നിലവിളിക്കുപോലും ഇടനല്കാതെ മലവെള്ളം തുടച്ചെടുത്ത മലഞ്ചെരിവുകളിൽ ജീവനോടെ ശേഷിച്ചവർ കെട്ടുപോകാത്ത പ്രതീക്ഷകളോടെ ഒരിക്കൽക്കൂടി ജീവിതം വിതയ്ക്കുകയാണ്
...................................
സി.പി. മുഹമ്മദ് സിയാസ്
ചേരിപ്പറമ്പിൽ ഹൗസ്
മുണ്ടക്കെ (പി.ഒ)
വയനാട്, 673577
ഈ വിലാസത്തിലെത്തിയ യുറീക്ക ദ്വൈവാരികയുമായി ചെല്ലുമ്പോൾ മുണ്ടക്കെയിലെ പോസ്റ്റ്മാൻ പി.ടി. വേലായുധന് അറിയാമായിരുന്നു, ഓടിവന്ന് പുസ്തകം വാങ്ങാൻ അഞ്ചാം ക്ലാസുകാരൻ സി.പി. മുഹമ്മദ് സിയാസ് ഇല്ലെന്ന്. ശാസ്ത്ര വാരിക വായിച്ചു പഠിച്ച് പ്രകൃതിയെ അറിയാൻ ശ്രമിച്ച മുഹമ്മദ് സിയാസിനെയും ഉപ്പയെയും ഉമ്മയെയും കഴിഞ്ഞ ആഗസ്റ്റ് 30-ന് മലയിറങ്ങിയ മരണം കവർന്നിരുന്നു. സിയാസിന്റെ കുഞ്ഞുമുഖം ഓർമ്മയിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന എളാപ്പമാർ കണ്ണീരോടെ പോസ്റ്റ്മാൻ വേലായുധനോടു പറഞ്ഞു: 'പുസ്തകം തിരിച്ചയച്ചോളൂ..."
നാട് നടുങ്ങിയ വയനാടൻ ദുരന്തത്തിന് രണ്ടുമാസത്തിനിപ്പുറം മറ്റൊരിടത്ത് ആ നിസ്സഹായരെ തേടി പഴയ വിലാസത്തിൽത്തന്നെ കത്തുകൾ വന്നുകൊണ്ടിരിക്കുന്നു. പതിയെ അവർ ജീവതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. എത്രയോ കാലംകൊണ്ട് സ്വരുക്കൂട്ടിയും മിച്ചംപിടിച്ചും വച്ചത് സെക്കൻഡുകൾകൊണ്ട് മലവെള്ളം കവർന്നു. ജീവൻ മാത്രമാണ് ബാക്കിയായത്. മുണ്ടക്കൈയിൽ ജനിച്ചുവളർന്നവർക്ക് ഇനി അവിടേക്ക് ഒരു തിരിച്ചുപോക്കില്ല. എങ്കിലും 'മുണ്ടക്കെക്കാർ" എന്ന വിലാസം അവർ ഇപ്പോഴും കൊണ്ടുനടക്കുന്നു.
പുതിയ നാട്;
പഴയ വിലാസം
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വിലാസങ്ങളിലേക്ക് വരുന്ന കത്തുകൾ എത്തിക്കാനുള്ള സൗകര്യങ്ങൾ പൂർത്തിയായി. രണ്ടു പ്രദേശത്തെയും പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനരാരംഭിച്ചു. മുണ്ടക്കൈ പോസ്റ്റ് ഓഫീസ് പൂർണമായി ഉരുളെടുത്തതുകൊണ്ട് തൊട്ടടുത്ത മേപ്പാടി ടൗണിലാണ് മുണ്ടക്കെയിലെ പുതിയ പോസ്റ്റ് ഓഫീസ്. മുണ്ടക്കെ പോസ്റ്റ് ഓഫീസ് പരിധിയിലുണ്ടായിരുന്ന അഞ്ഞൂറിലേറെ വിലാസക്കാർ മേപ്പാടി ഭാഗത്താണ് വാടകയ്ക്കും ബന്ധുവീടുകളിലുമായി കഴിയുന്നത്.
എല്ലാ വിലാസക്കാരും പുതുതായി താമസിക്കുന്ന സ്ഥലങ്ങൾ മനസിലാക്കി കത്തുകൾ എത്തിച്ചു തുടങ്ങിയെന്ന് മുണ്ടക്കെ പോസ്റ്റ്മാൻ പി.ടി. വേലായുധൻ പറഞ്ഞു. വേലായുധന്റെ വീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. അരപ്പറ്റയിൽ മകനൊപ്പമാണ് ഇപ്പോൾ. ചൂരൽമലയിലുണ്ടായിരുന്ന വെള്ളാർമല പോസ്റ്റ് ഓഫീസിൽ ചെളിയും മരങ്ങളും അടിഞ്ഞുകൂടി നാശനഷടങ്ങൾ നേരിട്ടിരുന്നു. അതു വൃത്തിയാക്കിയാണ് അതേ കെട്ടിടത്തിൽത്തന്നെ പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചു തുടങ്ങിയത്. അവിടെ കെ. മണികണ്ഠനാണ് പോസ്റ്റ്മാൻ.
അതിജീവന
വഴികൾ
പുതിയ അമ്പലത്തിനായി കുറ്റിയടിച്ചു. തറകെട്ടി. സ്‌കൂളും പള്ളികളും വീണ്ടും തുടങ്ങി. കോടമഞ്ഞു പോലെ സങ്കടം തളംകെട്ടി നിൽക്കുന്നതിനിടയിലും അവർ അങ്ങനെ ജീവിച്ചു തുടങ്ങുകയാണ്. ജനങ്ങൾ അവശേഷിക്കുന്ന ചൂരൽമലയിലേക്കുള്ള ബസ് സർവീസുകൾ പഴയപടിയായി. ഏലം- തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലം. സഞ്ചാരികൾക്കിത് മലബാറിലെ മൂന്നാറായിരുന്നു. ചുറ്റും മലനിരകൾ. താഴ്‌വരയിൽ ഗ്രാമങ്ങൾ. തേയില എസ്‌റ്റേറ്റുകൾക്കിടയിലൂടെ റോഡ്. ടൂറിസം മേഖല പഴയതു പോലെയാകാൻ സമയമെടുക്കും....
ചേർത്തുപിടിച്ച്
നാടാകെ
കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വലിയ വെല്ലുവിളി തന്നെയാണ്. 795 കുടുംബങ്ങളെയാണ് (2,569 പേരെ) താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ പുനരധിവസിപ്പിച്ചിരുന്നത്. ഇവർക്ക് വൈത്തിരി താലൂക്കിൽ താത്കാലിക വാടകവീടുകൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ദുരന്തത്തിനിരയായ 821 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ 10,000 രൂപ ആദ്യഘട്ടത്തിൽ കൈമാറി. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ, പി.എം.എൻ.ആർ.എഫിൽ നിന്നുള്ള രണ്ടു ലക്ഷം രൂപ എന്നിവയടക്കം ആകെ എട്ടു ലക്ഷം രൂപ വീതമാണ് കുടുംബങ്ങൾക്ക് നല്‍കുന്നത്.
മൃതദേഹ സംസ്‌കാര ചടങ്ങുകൾക്കായി 173 കുടുബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായമായി ഒരു മാസത്തേക്ക് പ്രതിദിനം 300 രൂപ എന്ന കണക്കിൽ 1259 കുടുംബങ്ങൾക്ക് നല്‍കി. ഒരു കുടുംബത്തിൽ ഒരാൾക്ക് 300 രൂപ പ്രകാരം 752 കുടുംബങ്ങൾക്കും ഒരു കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം 507 കുടുംബങ്ങൾക്കുമാണ് ധനസഹായം. എല്ലാ മാസവും അഞ്ചിനു മുമ്പായി താത്കാലിക പുനരധിവാസത്തിനായുള്ള വാടക 6000 രൂപ അക്കൗണ്ട് വഴി എത്തുന്നു.
അവർ ഇപ്പോഴും
കാണാമറയത്ത്
ദുരന്തമുഖത്തു നിന്ന് തയ്യാറാക്കിയ കരട് ലിസ്റ്റ് പ്രകാരം 119 പേരെ കാണാതായി എന്നായിരുന്നു ആദ്യകണക്കുകൾ. ഇവരെ കണ്ടെത്തുന്നതിന് മൃതദേഹങ്ങളുടെയും കണ്ടെത്തിയ ശരീരഭാഗങ്ങളുടെയും 427 സാംപിളുകൾ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കി. 21 മൃതദേഹങ്ങളുടെയും 59 ശരീരഭാഗങ്ങളുടെയും ഡി.എൻ.എ, ലിസ്റ്റിലുള്ള 42 പേരുടേതുമായി ചേരുന്നതായി കണ്ടെത്തിയതോടെ തിരിച്ചറിഞ്ഞവരെ ഒഴിവാക്കി കരട് ലിസ്റ്റ് പുതുക്കി. പുതുക്കിയ ലിസ്റ്റിൽ 78 പേരാണ് കാണാതായവരുടെ പട്ടികയിൽ.
അന്തിമ പുനരധിവാസ പാക്കേജ് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർ ഫീറ്റിൽ ഒറ്റനില വീടുകൾ നിർമ്മിക്കും. ഒരേ രീതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന വീടുകളിൽ ഭാവിയിൽ രണ്ടാം നില കൂടി കെട്ടാൻ സൗകര്യമൊരുക്കി അടിത്തറ പണിയും. പുനരധിവാസ പാക്കേജിൽ ജീവനോപാധിയും ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്കു താത്പര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് പരിശീലനം നൽകും. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ദുരന്തബാധിതരെടുത്ത വായ്പകൾ എഴുതിത്തള്ളുന്നത്തിൽ ബാങ്ക് ഭരണ സമിതികൾ വേഗത്തിൽ തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും സമീപിച്ചു.
മാനസികമായ ആഘാതത്തിന് ഇരകളായ കുടുംബങ്ങളെ മോചിപ്പിക്കാൻ 350- ഓളം സാമൂഹിക മാനസികാരോഗ്യ കൗൺസിലർമാരുടെയും സൈക്യാട്രിസ്റ്റുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. 2000 വ്യക്തിഗത സോഷ്യൽ കൗൺസലിംഗും 21 സൈക്യാട്രിക് ഫാർമക്കോ തെറാപ്പിയും 401 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗ് സെഷനുകളും നടത്തി.
ഇനി പുതിയ
പാഠങ്ങൾ
മുണ്ടക്കെ ജി.എൽ.പി സ്‌കൂളും വെള്ളാർമല ഹൈസ്‌കൂളും മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തമേഖലകളിൽ നിന്നുമുള്ള 607 കുട്ടികൾക്കാണ് മേപ്പാടിയിൽ അതിവേഗം ക്ലാസ്‌മുറികൾ ഒരുങ്ങിയത്. മുണ്ടക്കൈ ജി.എൽ.പി സ്‌കൂളിലെ 61 കുട്ടികളും വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ 546 കട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്‌മുറികളിൽ പഠനം തുടരുന്നത്. സ്‌കൂൾ പുനർനിർമ്മിക്കാനുള്ള സാദ്ധ്യത വിദഗ്ദ്ധ നേതൃത്വത്തിൽ പരിശോധിക്കും.
2018-ലെ പ്രളയമടക്കം ചെറുതും വലുതുമായ ദുരന്തങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്; പുനരധിവാസവും. പക്ഷേ, ദുരന്തങ്ങളെ അതിജീവിച്ചവർക്ക് പൂർണമായ പുനരധിവാസം എവിടെയും ഉണ്ടായിട്ടില്ല. അടിക്കടി പ്രകൃതിദുരന്തങ്ങളുണ്ടാവുന്ന ഒരു പ്രദേശമായി കേരളം മാറിയ സാഹചര്യത്തിൽ മുൻകരുതലുകളും വേണം.
കാർഷിക മേഖലയിലെ തളർച്ചയിൽ നിന്ന് വിനോദ സഞ്ചാര മേഖലയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കരയറിയ ജനതയാണ് വയനാട്ടിലേത്. വീണ്ടും സഞ്ചാരികൾ ചുരം കയറി വരേണ്ടതുണ്ട്. വയനാട് സുരക്ഷിതമല്ലെന്ന ആശങ്ക മാറി വിനോദ സഞ്ചാരികളെത്തിത്തുടങ്ങിയാലേ നാടിന്റെ അതിജീവനം പൂർണമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |