കൊച്ചി: പൊതുപ്രവർത്തനമെന്നാൽ കക്ഷിരാഷ്ട്രീയത്തിനതീതമായ മാനവസേവയെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരനാണ് പുത്തൻകുരിശ് സ്വദേശിയും എൻ.സി.പി (എസ്) എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ എം.എം.പൗലോസ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ പൗലോസ് ഇന്നും പുത്തൻകുരിശ് നിവാസികളുടെ പ്രിയപ്പെട്ട പൊതുസേവകനാണ്.
അന്നത്തെ സഹപാഠികളൊക്കെ സ്‌കൂൾ, കോളേജ് കാലം കഴിഞ്ഞതോടെ രാഷ്ട്രീയം അവസാനിപ്പിച്ച് മറ്റുവഴികളിലേക്ക് തിരഞ്ഞപ്പോഴും തന്റെ നിയോഗം മാനവസേവയാണെന്ന് തിരിച്ചറിഞ്ഞ പൗലോസ്, നാട്ടുകാരുടെ ദൈനംദിന പ്രശ്നങ്ങളിൽ വ്യാപൃതനാവുകയായിരുന്നു. 2018ലെ മഹാപ്രളയത്തിലും പിന്നീടുണ്ടായ കൊവിഡ് മഹാമാരിക്കാലത്തും നാട്ടിലെ മുന്നണിപ്പോരാളികളിൽ ഒരാളായി പ്രവർത്തിച്ചു. വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിട്ടായിരുന്നു രാഷ്ട്രീയ രംഗപ്രവേശം.
ഇന്ന് സ്‌കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് തിരശീലവീണെങ്കിലും 1985 - 90കാലത്ത് അതായിരുന്നില്ല സ്ഥിതി. സ്‌കൂൾ പാലർലമെന്റ് തിരഞ്ഞെടുപ്പിന് ഏതാണ്ട് ഇന്നത്തെ തദ്ദേശ തിരഞ്ഞെടുപ്പിനോളം ആവേശമുണ്ടായിരുന്നു. അദ്ധ്യായനവർഷം ആരംഭിക്കുന്നതിന് മുമ്പേ സ്‌കൂൾ കാമ്പസിൽ കൊടിമരം നാട്ടുന്നതായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്. എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മിലാണ് മത്സരം.
കമുക് വെട്ടിക്കൊണ്ടുവന്നാണ് കൊടിമരം സ്ഥാപിക്കുന്നത്. അതിന് നാട്ടിലെ ഏറ്റവും ഉയരമുള്ള ലക്ഷണമൊത്ത കമുക് കണ്ടെത്തുക എന്നതാണ് ആദ്യ നടപടി. അതിനായി മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ സമീപത്തെ പറമ്പുകൾ പരതി സ്ഥലം ഉടമയുമായി സംസാരിച്ച് കൊടിമരത്തിനുള്ള കമുക് കണ്ടുവയ്ക്കും. കമുക് ഉയർത്തിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുമൂലം വെള്ളത്തിലൂടെ വലിച്ച് പാളയിൽ കെട്ടിവലിച്ചാണ് സ്‌കൂളിലേക്കെത്തിക്കുന്നത്. മിക്കവാറും എസ്.എഫ്.ഐ ആണ് ആദ്യം കൊടിമരം നാട്ടുക. അതിനേക്കാൾ ഒരു അടിയെങ്കിലും ഉയരത്തിൽ കെ.എസ്.യുവിന്റെ പതാക പാറിക്കുക എന്നത് വാശിയാണ്.
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പേ കാമ്പസിൽ കൊടിമരം സ്ഥാപിക്കും. പിന്നീട് ക്ലാസ് ആരംഭിച്ചുകഴിഞ്ഞ് പതാക ഉയർത്തലോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. വാശിയേറിയ മത്സരമാണ്. ബാലറ്റിൽ വോട്ട് ചെയ്ത് ഓരോരുത്തരും സമ്മതിദാനം വിനിയോഗിക്കും.
വോട്ട് എണ്ണൽ ദിവസം നാട്ടിലെ കാരണവന്മാരും പൊതുപ്രവർത്തകരുമെല്ലാം സ്‌കൂൾ പരിസരത്ത് തമ്പടിക്കും. തിരഞ്ഞെടുപ്പ് ഫലം അറിയാൻ. വിജയിച്ചുവരുന്നവർക്ക് നാട്ടിൽ പ്രത്യേക അംഗീകാരവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരീക്ഷയ്ക്ക് 100ൽ 100 മാർക്ക് കിട്ടിയില്ലെങ്കിലും സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കുക എന്നതായിരുന്നു രാഷ്ട്രീയ കാര്യങ്ങളിൽ തൽപ്പരരായ വിദ്യാർത്ഥികളുടെ മുഖ്യലക്ഷ്യം. ഏഴാം ക്ലാസ് മുതൽ പൗലോസിന് പകർന്നുകിട്ടയത് ഇത്തരമൊരു നേതൃത്വപാടവമാണ്.
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ആയി ആദ്യവർഷം തിരഞ്ഞെടുക്കപ്പെട്ട പൗലോസ് പിന്നീട് ഹൈസ്‌കൂൾ ക്ലാസുകളിൽ തുടർച്ചയായി സ്‌കൂൾ ലീഡറുമായി. അന്തരിച്ച മുൻ മന്ത്രി ടി എ എച്ച് മുസ്തഫയുടെ മകൻ ടി എം സക്കീർ, കെ വി എൽദോ, കെ സി രമേശ് എന്നിവരൊക്കെയായിരുന്നു അന്നത്തെ കെ.എസ്.യു നേതാക്കൾ.
പിന്നീട് തൃപ്പൂണിത്തുറ ആർട്സ് കോളേജിൽ ചേർന്നപ്പോൾ സാധാരണ കെ.എസ്.യു പ്രവർത്തകൻ എന്നതിനൊപ്പം പ്രൈവറ്റ് സ്റ്റുഡന്റ്സ് സംഘടനയുടെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. കെ. എസ്. യു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ പിന്തള്ളപ്പെട്ടു. അതോടെ വിദ്യാർത്ഥി രാഷ്ട്രീയം വച്ചൊഴിഞ്ഞ് യൂത്ത് കോൺഗ്രസിൽ സജീവമായി. യൂത്ത് കോൺഗ്രസിന്റെ കുന്നത്തുനാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയി.
2002ൽ രാഷ്ട്രീയത്തിന് താൽക്കാലിക അവധി നൽകി പ്രവാസജീവിതത്തിലേക്ക് കടന്നു. പക്ഷേ അവിടെയെത്തിയപ്പോഴും പൗലോസിന്റെ ഉള്ളിലെ രാഷ്ട്രീയക്കാരൻ അടങ്ങിയിരുന്നില്ല. അന്ന് കുവൈറ്റിലെ മലയാളികൾക്കിടയിൽ കുവൈറ്റ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്ന പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു ഘടകം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ വൈസ് പ്രസിഡന്റ് ആയി പൗലോസ് നിയമിതനായി.
2008ൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോളച്ചൻ മണിയങ്ങാടിന്റെ നിർബന്ധപ്രകാരം വീണ്ടും കോൺഗ്രസ് പാർട്ടിയിൽ സജീവമായി. ടി.യു കുരുവിള മന്ത്രിയായിരിക്കെ ആരോപിക്കപ്പെട്ട ചില ഭൂമി ഇടപാടിനെച്ചൊല്ലി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്‌കൂളിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു യൂത്ത് കോൺഗ്രസ് പരിപാടി.
എന്നാൽ സ്‌കൂളിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതിനെ അതിജീവിക്കാൻ മന്ത്രിയെ സ്വീകരിക്കാൻ തയ്യാറാക്കിയ പരിപാടിയിൽ തെയ്യക്കോലം കെട്ടിനുഴഞ്ഞുകയറിയാണ് ലക്ഷ്യം നേടിയത്. യോഗം തുടങ്ങിയപ്പോൾ തെയ്യക്കോലം കെട്ടിയവരും സ്റ്റേജിന് മുമ്പിൽതന്നെ നിലയുറപ്പിച്ചു. മന്ത്രി നിലവിളക്ക് കൊളുത്താൻ തുടങ്ങുമ്പോൾ സ്റ്റേജിലേക്ക് തള്ളിക്കയറി പരിപാടി അലങ്കോലപ്പെടുത്തുക എന്നതായിരുന്നു പദ്ധതി.
എന്നാൽ അവസാന നിമിഷം വിളക്കുതെളിക്കൽ ചടങ്ങിൽ നിന്ന് മന്ത്രി പിന്മാറിയത് പ്രക്ഷോഭകാരികളെ നിരാശരാക്കി. എങ്കിലും പിന്മാറാൻ കൂട്ടാക്കാതെ സ്റ്റേജിന് മുമ്പിൽ കരിങ്കൊടിവീശി മുദ്രാവാക്യം വിളിച്ചു. ഇതോടെ സ്‌കൂൾ ഹാളിലേക്ക് ഇരച്ചുകയറിയ പൊലീസ് യൂത്തുകോൺഗ്രസുകാരെ തൂക്കിയെടുത്ത് വണ്ടിയിലിട്ട് കൊണ്ടുപോയി.
യു.ഡി.എഫ് സർക്കാരിൽ ചീഫ് വിപ്പ് ആയിരുന്ന പി.സി. ജോർജ് കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിൽ പ്രതിഷേധിച്ച് ജോർജിനെതിരെ കരിങ്കൊടി വീശിയ സമരത്തിലും പൗലോസ് ഉൾപ്പെടെയുള്ള യൂത്തുകോൺഗ്രസ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ യൂത്ത്‌കോൺഗ്രസിൽ നിന്ന് കോൺഗ്രസിലേക്കും ഐ.എൻ.ടി.യു.സിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തേക്കും പ്രവർത്തനമേഖല വ്യാപിപ്പിച്ചു. ഇതിനിടെ കോൺഗ്രസിലേയും ഐ.എൻ.ടി.യു.സിയിലേയും ചില അഭ്യന്തര പ്രശ്നങ്ങൾ പൗലോസിന്റെ രാഷ്ട്രീയ ജീവിതത്തിൽ കല്ലുകടിയായി.
2010ലും 2015ലും നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം കോൺഗ്രസുമായുള്ള ബന്ധം വല്ലാതെ ഉലഞ്ഞു. അതേസമയം പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി, കുന്നത്തുനാട് മണ്ഡലങ്ങളിലെ ഏറ്റവും തിരക്കുള്ള പ്രാസംഗികനായി പൗലോസ് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ദേശിയ സംസ്ഥാന രാഷ്ട്രീയ ഗതിവിഗതികൾ വിശകലനം ചെയ്ത് മണിക്കൂറുകളോളം ആളുകളെ ആവേശം കൊള്ളിച്ച് പ്രസംഗിക്കാനുള്ള പൗലോസിന്റെ പാടവം പാർട്ടിക്ക് വലിയ മുതൽകൂട്ടായിരുന്നു.
പിന്നീട് പി.സി. ചാക്കോ കോൺഗ്രസ് പാർട്ടി വിട്ട് എൻ.സി.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷം പൗലോസിന്റെ നേതൃത്വത്തിൽ 20 പ്രാദേശിക നേതാക്കളും പ്രവർത്തകരും എൻ.സി.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലവിൽ എൻ.സി.പി (എസ്) ജില്ലാ ജനറൽ സെക്രട്ടറിയാണ്. അതോടൊപ്പം പ്രാദേശിക മാദ്ധ്യമ പ്രവർത്തനരംഗത്തും, സാമൂദായിക രംഗത്തും നിറസാന്നിദ്ധ്യവുമാണ്.
കരിങ്ങാച്ചിറ സെന്റ് ജോർജ് ഇടവകയിലെ സെന്റ് മേരീസ് കുടുംബയൂണിറ്റ് സെക്രട്ടറിയായി നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
മാതാവ് സാറാമ്മ മത്തായി, ഭാര്യ: ബിന്ദു പൗലോസ് (ഫാർമസി കോളേജ് ലാബ് അസിസ്റ്റന്റ്), മക്കൾ: എൽദോസ് ( ഫിസിയോതെറാപ്പിസ്റ്റ് വിദ്യാർത്ഥി), എൽബിൻ (പ്ലസ് വൺ വിദ്യാർത്ഥി), ഭാര്യാമാതാവ്: ഏലിയാമ്മ യാക്കോബ് എന്നിവർ അടങ്ങുന്നതാണ് പൗലോസിന്റെ കുടുംബം. കൊവിഡ് സമയത്ത് പിതാവിന്റെ പാത പിന്തുടർന്ന് പുത്തൻകുരിശിൽ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സിയുടെ മുഖ്യ സംഘാടകനും പ്രവർത്തകനുമായിരുന്നു മകൻ എൽദോസ്. രണ്ടുപ്രാവശ്യം കൊവിഡ് ബാധിച്ചെങ്കിലും തന്റെ സേവനത്തിൽനിന്ന് വിദ്യാർത്ഥിയായിരുന്ന എൽദോസ് പിൻവാങ്ങിയില്ല. എൽദോസിന്റെ ഈ പ്രവർത്തനം വാർത്താമാദ്ധ്യമങ്ങളിലും ശ്രദ്ധനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |