തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർക്ക് വിളമ്പുന്ന പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെച്ചൊല്ലിയുള്ള വിവാദം ക്ഷേത്ര മാനേജ്‌മെന്റിനെതിരെയും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുണ്ടായിരുന്ന വൈഎസ്ആർസിപി സർക്കാരിനെതിരെയും ചോദ്യങ്ങൾ ഉയരാൻ കാരണമായി. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണത്തിലും നിയന്ത്രണത്തിലും സർക്കാരിന്റെ ഇടപെടൽ അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾക്ക് ശക്തി പ്രാപിച്ചത്.
ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം അവസാനിപ്പിക്കാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലുള്ള വലതുപക്ഷ ഗ്രൂപ്പുകൾ രാജ്യവ്യാപകമായി പ്രചാരണം ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലുള്ള വിവിധ ക്ഷേത്രങ്ങളുടെ പ്രവർത്തനം, വരവ്, ചെലവ് എന്നിവയിലുള്ള സമാനമായ വിവാദങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയാവുകയാണ്. എന്തുകൊണ്ടാണ് രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം സംസ്ഥാന സർക്കാരുകൾ വഹിക്കുന്നത്.
ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ ചുമതല ആർക്കാണ്?
കമ്മ്യൂണിറ്റി നടത്തുന്ന ബോർഡുകളിലൂടെയും ട്രസ്റ്റുകളിലൂടെയും സ്വന്തം ആരാധനാലയങ്ങൾ കൈകാര്യം ചെയ്യുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പോലെയല്ല ഹിന്ദുക്കളും സിഖുകാരും, ജൈനരും ബുദ്ധരും. ഇവരുടെ ആരാധനാലയങ്ങൾ നടത്തുന്ന മാനേജുമെന്റുകളിൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകുന്നു. പല സംസ്ഥാനങ്ങളിലെയും പ്രതിനിധികളായി സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ബോർഡുകളിലൂടെയും ട്രസ്റ്റുകളിലൂടെയും, ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ സർക്കാർ ഗണ്യമായ ഇടപെടൽ ഉറപ്പാക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളുടെ നടത്തിപ്പ്, ചെലവുകൾ, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം നിയമങ്ങളുണ്ട്.
തിരുപ്പതി ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ കാര്യത്തിൽ പോലും അതിന്റെ തലവനെ നിയമിക്കുന്നത് ആന്ധ്രാപ്രദേശ് സർക്കാരാണ്. സർക്കാർ നിയന്ത്രണത്തിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള മറ്റൊരു സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്ടിൽ ക്ഷേത്രങ്ങളെ കൈകാര്യം ചെയ്യാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നൊരു ബോർഡും നിലവിലുണ്ട്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽ പ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ നിയന്ത്രിക്കാൻ നിയമങ്ങൾ നിലവിലുണ്ട്.
എല്ലാകാലത്തും ഇങ്ങനെയായിരുന്നോ?
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന 30 ലക്ഷം ആരാധനാലയങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങൾക്ക് എല്ലാം ഭൂമിയുടെയും സമ്പത്തിന്റെയും രൂപത്തിൽ ഗണ്യമായ സംഭാവനകൾ ലഭിച്ചു. അവയെല്ലാം സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളായി കാണപ്പെട്ടു. പണ്ടുകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയപ്പോൾ, വൻ സമ്പത്തിനുള്ള ഈ സാദ്ധ്യതയും സർക്കാർ മേൽനോട്ടത്തിനുള്ള ഒരു അടിത്തറയും അവർ കണ്ടു. 1810 മുതൽ 1817 വരെ ബംഗാൾ, മദ്രാസ്, ബോംബെ എന്നിവിടങ്ങളിലെ പ്രസിഡൻസികളിൽ ക്ഷേത്രഭരണത്തിൽ ഇടപെടാനുള്ള അവകാശം നൽകുന്ന നിയമങ്ങളുടെ ഒരു പരമ്പര തന്നെ അവർ നടപ്പാക്കി.
എന്നാൽ ക്രിസ്ത്യൻ ആഭിമുഖ്യമുള്ള സർക്കാർ ഹിന്ദുക്ഷേത്രങ്ങൾ നടത്തുന്നതിൽ ഒരു എതിർപ്പ് ആ സമയത്ത് ഉയർന്നു. ഇതേത്തുടർന്ന് 1863 ലെ റിലീജിയസ് എൻഡോവ്‌മെന്റ് ആക്ട് നിയമപ്രകാരം ക്ഷേത്രങ്ങളുടെ നിയന്ത്രണം നിയമപ്രകാരം നിയോഗിച്ച കമ്മിറ്റികൾക്ക് കൈമാറുന്നതിലേക്ക് നയിച്ചു. ഇതോടൊപ്പം ക്ഷേത്രഭരണത്തിന് മേലുള്ള ജുഡീഷ്യൽ അധികാരപരിധി സിവിൽ പ്രൊസീജ്യർ കോഡും ഒഫീഷ്യൽ ട്രസ്റ്റീസ് ആക്ടും ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിച്ചതും 1920ലെ ചാരിറ്റബിൾ ആന്റ് റിലീജിയസ് ട്രസ്റ്റ് ആക്ടും സർക്കാരിന്റെ ഗണ്യമായ സ്വാധീനം നിലനിർത്താൻ സഹായിച്ചു.
ഐഐഎം ബംഗളൂരിവിലെ സെന്റർ ഓഫ് പബ്ലിക് പോളിസിയിലെ പ്രൊഫ ജി രമേശിന്റെ ഒരു പ്രബന്ധം അനുസരിച്ച്, ഹിന്ദു ക്ഷേത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ നിർദ്ദിഷ്ട നിയമം 1925 ൽ മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്റ് ആക്ടിലൂടെയാണ് വന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം സംഭവിച്ച മാറ്റം
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, ബ്രിട്ടീഷുകാർ ക്ഷേത്രങ്ങളുടെ മേൽ പ്രയോഗിച്ച നിയമനിർമ്മാണ നിയന്ത്രണത്തിന്റെ ഭൂരിഭാഗവും ഓരോ സംസ്ഥാനങ്ങളിലെ സർക്കാരും നിലനിർത്തി. 1925 ലെ നിയമം അടിസ്ഥാനമാക്കിയാണ് വിവിധ സംസ്ഥാനങ്ങൾക്ക് ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം നടപ്പാക്കിയത്. 1951ലെ മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് ആണ് ആദ്യമായി നടപ്പിലാക്കിയ ഒന്ന്. ഈ സമയത്ത് ബീഹാറിലും സമാനമായ ഒരു നിയമം പാസാക്കി.
എന്നാൽ പിന്നീട് മദ്രാസ് നിയമം പല കോടതികളും ചോദ്യം ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് റദ്ദാക്കുകയും 1959ൽ കുറച്ച് പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ നിയമം നിലവിൽകൊണ്ടുവരികയും ചെയ്തു. ഈ സമയത്ത് തന്നെ ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. 1959ൽ ക്ഷേത്രഭരണം സമുദായത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ആദ്യ പ്രമേയം പാസാക്കി.
ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിനായി ദക്ഷിണേന്ത്യയിലെ മതനേതാക്കളുടെ പ്രതിഷേധത്തിന് മുമ്പായിരുന്നു ഈ പ്രമേയങ്ങൾ പാസാക്കിയത്. 1970കളുടെ തുടക്കം മുതൽ വിഎച്ച്പി ഈ വിഷയം വിവിധ തലത്തിൽ ഉന്നയിക്കുന്നുണ്ട്. 2021ൽ, ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ കേന്ദ്ര നിയമം ആവശ്യപ്പെടുന്ന പ്രമേയവും വിഎച്ച്പി പാസാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |