മലപ്പുറം: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം പി.വി.അൻവർ വേഗത്തിലാക്കിയത് മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന വിവാദമായതിന് പിന്നാലെ. മുസ്‌ലിം സമുദായത്തിന്റെ അതൃപ്തി തിരിച്ചറിഞ്ഞ അൻവർ ന്യൂനപക്ഷ സംരക്ഷകനാവാനുള്ള അനുയോജ്യ സമയമെന്നത് കൂടി വിലയിരുത്തിയാണ് പൊടുന്നനെ പാർട്ടി രൂപീകരണ പ്രഖ്യാപനം നടത്തിയത്.
. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി രൂപീകരണം ഇപ്പോൾ അജൻഡയിലില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും യുവാക്കൾക്കുമിടയിൽ നിലവിലുള്ള അനുകൂല സാഹചര്യം അവസരമാക്കണമെന്ന ചിന്തയും പാർട്ടി പ്രഖ്യാപനത്തിലുണ്ട്. രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ ജനാവലിയും ആത്മവിശ്വാസമേകി. മുസ്‌ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നുമെത്തി സി.പി.എമ്മുമായി സഹകരിക്കുന്ന നേതാക്കളുടെ പൊതുവേദി രൂപീകരിക്കാനും പിന്നീട് രാഷ്ട്രീയ പാർട്ടിയിലേക്ക് ചുവടു വയ്ക്കാനുമായിരുന്നു അൻവറിന്റെ ആദ്യ തീരുമാനം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിശദീകരണ യോഗങ്ങൾക്ക് ശേഷം ജനഹിതമറിഞ്ഞ് തുടർനടപടിയെടുക്കാനും പദ്ധതിയിട്ടു. തനിക്ക് മുന്നിൽ വാതിലടച്ച കോൺഗ്രസിനേയും മുസ്‌ലിം ലീഗിനേയും സമ്മർദ്ദത്തിലാക്കാനാണ് പാർട്ടി പ്രഖ്യാപനമെന്ന വിലയിരുത്തലുമുണ്ട്.
ന്യൂനപക്ഷ-പിന്നാക്ക ക്ഷേമമാവും തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അൻവർ മലബാറിലെ ഇടത് മുസ്‌ലിം വോട്ടുകളിലാണ് കണ്ണു വച്ചിട്ടുള്ളത്. ആർ.എസ്.എസ് ബന്ധമാരോപിച്ച് മുഖ്യമന്ത്രിയേയും പൊലീസിനേയും നിരന്തരം പ്രതിക്കൂട്ടിലാക്കിയ അൻവർ ,മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയോടെ തന്റെ നിലപാട് ശരിയെന്ന് ബോദ്ധ്യപ്പെട്ടില്ലേയെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ ദേശദ്രോഹികളുടെ നാടാക്കി രാജ്യം മുഴുവൻ അറിയിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നാണ് അൻവർ ചൂണ്ടിക്കാട്ടിയത്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയെ ആർ.എസ്.എസുകാരനെന്ന് വിശേഷിപ്പിച്ചതിനൊപ്പം മലപ്പുറത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മുൻ എസ്.പി സുജിത്‌ദാസിന് ഒത്താശ ചെയ്തെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. പുതിയ പാർട്ടിക്ക് ഇടത് ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ച നയരേഖയുണ്ടാക്കാനും ആലോചനയുണ്ട്. ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ട് വന്യമൃഗശല്യമടക്കം ഉയർത്തിക്കാട്ടി മലയോര മേഖല കേന്ദ്രീകരിച്ച് 60 മണ്ഡലങ്ങളിൽ പര്യടനം നടത്തും.
'അഭിമുഖത്തിലെ പരാമർശം പി.ആർ ഏജൻസി ഒപ്പിച്ച പണിയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പച്ചക്കള്ളം. പത്രം തെറ്റായിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെങ്കിൽ അച്ചടിച്ച് വന്ന ദിവസം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെടേണ്ടതായിരുന്നു. എന്നാൽ 32 മണിക്കൂർ കഴിഞ്ഞ് വിവാദവും പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നാടകം കളിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്'.
- പി.വി. അൻവർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |