കണ്ണൂർ: 'ഓമനത്തിങ്കൾ കിടാവോ..." - എന്ന ഇരയിമ്മൻതമ്പിയുടെ താരാട്ടുപാട്ടിനൊപ്പം മോഹിനിയാട്ടമാടി ഇറങ്ങുമ്പോൾ അജീഷിനെ (12)വാത്സല്യത്തോടെ ഗൗരി ചേർത്തുപിടിച്ചു. അമ്മ ലാലിക്കും അച്ഛൻ സുനിൽകുമാറിനും മകന്റെ കലാപ്രകടനം കാണാൻ കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരായ അവർക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ കണ്ണൂരിലെത്താനായില്ല.
തിരുവനന്തപുരം അമരവിള കാരുണ്യ സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് അജീഷ്. അവിടെത്തെ ആയയാണ് ഗൗരി. മോഹിനിയാട്ടത്തിൽ അജീഷിന് എ.ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. അജീഷിനെ ഗൗരിക്കൊപ്പം അദ്ധ്യാപകരായ ആൽബി ജിജിൻ, അമൃത, മനോജ് എന്നിവരാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ മത്സരങ്ങളായിരുന്നു. പാട്ടു പാടാനും നൃത്തം ചെയ്യാനും സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. അത് തെറാപ്പിയുടെ ഭാഗവുമാണ്.
'ഡാൻസുകാരനാകണമെന്നാണ് അജീഷിന്റെ ആഗ്രഹം. വലിയ ആവേശത്തിലാണു കുട്ടികൾ അരങ്ങിലേക്കു കയറുന്നത്. ചുവട് തെറ്റിയാൽ അവരുടെ മനസ് വാടും. സമീപത്തുതന്നെ നമ്മൾ ഉണ്ടെന്നു കണ്ടാൽ അവർ ഉഷാറാകും''- അജീഷിന്റെ അദ്ധ്യാപകനായ ആൽബി പറഞ്ഞു. യു ട്യൂബിലൂടെയാണ് അജീഷ് നൃത്തം അഭ്യസിച്ചത്. നാടോടി നൃത്തത്തിലും മത്സരിച്ചിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥയാണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |