മുംബയ്: ഇന്ത്യയെ ലോകത്തോളം വലിയ ബിസിനസ് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച രത്തൻ ടാറ്റയ്ക്ക് വിട നൽകി രാജ്യം. ഉരുക്ക് മനസിന് അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച മഹാമനുഷ്യൻ ഇനി ഇതിഹാസ സ്‌മരണ.
ബിസിനസ് സമ്പന്നതയിലും രാജ്യത്തോടും സമൂഹത്തോടും കടമ മറക്കാതെ എളിമയോടെ ജീവിച്ച രത്നശോഭയുള്ള ഭാരതപുത്രനായിരുന്നു രത്തൻ. സമ്പത്തിന്റെ ഭൂരിഭാഗവും സമൂഹത്തിന് സമർപ്പിച്ച, പുതിയ തലമുറയ്‌ക്ക് ഹൈടെക് സ്വപ്നങ്ങൾ പകർന്ന 86 വയസുള്ള യുവാവും.
മുംബയിലെ ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11. 45ന് മരണം കൂട്ടിക്കൊണ്ടു പോയത് രാജ്യത്തെ ഏറ്റവും ജനപ്രിയനായ വ്യവസായിയെയാണ്. ഇനി ആറ് ഭൂഖണ്ഡങ്ങളിലെ നൂറിലേറെ രാജ്യങ്ങളിൽ ടാറ്റ എന്ന പേരും ആ ലോഗോയും ഇന്ത്യയുടെ വളർച്ചയുടെ അഭിമാന മുദ്രകൾ... ടാറ്റാ സ്ഥാപനങ്ങൾ ആ എളിയ വലിയ മനുഷ്യന്റെ സ്മാരകങ്ങൾ...
ടാറ്റ സൺസ് എമരിറ്റസ് ചെയർമാനായിരുന്ന രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊളാബയിലെ വസതിയിൽ എത്തിച്ച ഭൗതിക ദേഹത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. രാവിലെ പത്തോടെ അലങ്കരിച്ച വാഹനത്തിൽ ദക്ഷിണ മുംബയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ എത്തിച്ചു. വൈകിട്ട് നാല് വരെ അവിടെ പൊതുദർശനം. കോർപ്പറേറ്റ് തലവൻമാരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക താരങ്ങളും അടക്കം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. നാല് മണിക്ക് അന്ത്യയാത്ര. നാലരയോടെ വൊർളിയിലെ പാഴ്‌സി വൈദ്യുതി ശ്മശാനത്തിൽ എത്തിച്ചു. പ്രാർത്ഥനകൾക്ക് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ ഉച്ചകോടിക്ക് പോയതിനാൽ പകരം ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖർക്കുമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം.
മഹാരാഷ്‌ട്രയിൽ ഇന്നലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടി.
'ഗോവ" എത്തി, കണ്ടു
ടാറ്റയുടെ പ്രിയപ്പെട്ട വളർത്തു നായ 'ഗോവ"യെ ശ്‌മശാനത്തിൽ ഭൗതിക ദേഹത്തിന് അടുത്ത് എത്തിച്ചത് വൈകാരിക മുഹൂർത്തമായി. ഗോവയിലെ തെരുവിൽ നിന്ന് എടുത്ത് അതേ പേരിട്ട് വളർത്തിയ നായ ടാറ്റയുടെ സന്തതസഹചാരി ആയിരുന്നു. തെരുവ് നായകൾക്ക് വേണ്ടി 165കോടി ചെലവിൽ സ്ഥാപിച്ച മുംബയിലെ ആശുപത്രിയാണ് ടാറ്റയുടെ അവസാന സംരംഭം.
ഭാരതരത്നം നൽകണം
രത്തൻ ടാറ്റയ്‌ക്ക് മരണാനന്തര ബഹുമതിയായ ഭാരതരത്നം നൽകണമെന്ന് മഹാരാഷ്‌ട്ര സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. (രത്തൻ എന്നാൽ രത്നം എന്നാണ് അർത്ഥം). രാഷ്‌ട്രം പദ്മഭൂഷൺ, പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
രത്തന്റെ പിൻഗാമി; നോയൽ ശ്രദ്ധാകേന്ദ്രം
ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി അർദ്ധസഹോദരൻ നോയൽ ടാറ്റയ്‌ക്ക് നറുക്ക് വീണേക്കും. ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികൾ കൈവശമുള്ള ടാറ്റ ട്രസ്‌റ്റ്സിന്റെ ചെയർമാനാകാനാണ് സാദ്ധ്യത.
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ പുത്രനാണ് നോയൽ. നിലവിൽ ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്‌റ്റ്മെന്റ്സ്, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ ചെയർമാനും ടാറ്റ സ്‌റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനും ടാറ്റ ട്രസ്‌റ്റ് ഡയറക്ടറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |