ന്യൂഡൽഹി: മദ്രസകൾ അടച്ചില്ലെങ്കിൽ മറ്റുവഴികൾ തേടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാനായ പ്രിയങ്ക് കനൂൻഗോ. രാജ്യത്തെ മദ്രസകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ ഇല്ലെന്നും ധനസഹായം നൽകുന്നില്ലെന്നുമുള്ള കേരള സർക്കാരിന്റെ വാദം കള്ളമാണെന്നും പ്രിയങ്ക് പ്രതികരിച്ചു.
മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ സ്‌കൂളുകളിലേക്ക് പോകണം. കേരള സർക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മീഷന്റെ പുതിയ നിർദ്ദേശത്തിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നീക്കം വർഗീയപരവും വിവേചനപരവുമാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പ്രതികരിച്ചു. മദ്രസ സംവിധാനത്തെ തകർക്കണമെന്നത് സംഘപരിവാർ അജണ്ടയാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഐഎൻഎൽ പ്രസ്താവനയിറക്കി. മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കണമെന്ന നിർദ്ദേശത്തിനെ സമസ്തയും വിമർശിച്ചു.
കേരളത്തിലെ മദ്രസകൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്നും എന്നാൽ ഉത്തരേന്ത്യയിലെ മദ്രസകളിൽ ഫണ്ട് നൽകാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. മതം അനുഷ്ഠിക്കാൻ ഇന്ത്യയിൽ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിർദ്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകൾ നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിരുന്നു. മദ്രസ ബോർഡുകൾ നിർത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും ധനസഹായം നൽകുന്നത് നിർത്തലാക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |