SignIn
Kerala Kaumudi Online
Friday, 15 May 2026 7.42 PM IST

വരുന്നു ജിമ്മുകൾക്ക് കടുത്ത നിയന്ത്രണം; സംസ്ഥാനങ്ങൾക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും നോട്ടീസ്

gym

ന്യൂഡൽഹി: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യക്കും കമ്മിഷൻ കത്തയച്ചു. ജിമ്മുകൾ കേന്ദ്രീകരിച്ച് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായും ആരോപണമുണ്ട്.

യുവതികളെ ചൂഷണം ചെയ്യുന്നതിനും മതപരിവർത്തനം നടത്തുന്നതിനുമായി ഉത്തർപ്രദേശിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് റാക്കറ്റ് പ്രവർത്തിക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂങ്കോ ചൂണ്ടിക്കാട്ടി. 50ൽ അധികം ചെറുപ്പക്കാരികൾ ഇരയാക്കപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ചൂഷണങ്ങൾ പ്രതിരോധിക്കാൻ ജിമ്മുകൾക്കായി രാജ്യവ്യാപകമായി നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമായും ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ, നയങ്ങൾ, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കമ്മിഷൻ നിർദ്ദേശിച്ചു.

ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി നിലവിലുള്ള ദേശീയ നയങ്ങളെക്കുറിച്ചും നിയന്ത്രണ മാനദണ്ഡങ്ങളെക്കുറിച്ചും വിശദാംശങ്ങൾ തേടി യുവജനകാര്യ, കായിക മന്ത്രാലയം സെക്രട്ടറിക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ജിമ്മുകൾ തുറക്കുന്നതിനുള്ള ആവശ്യകതകൾ, ലൈസൻസിംഗ് മാർഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറലിനും നോട്ടീസ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, GYGM, FITNESS CENTRES, NHRC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360