നെടുമങ്ങാട് : അയിരൂപ്പാറയിൽ വസ്ത്രവില്പന ശാലയ്ക്ക് സമീപം കിടന്നുറങ്ങിയ സ്ഥലവാസി രാധാകൃഷ്ണൻ നായരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ചാരുംമൂട് ഏറവിള വീട്ടിൽ പുറുത്തിമൂക്കൻ എന്ന അനിൽകുമാറിന് (55) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജ് കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 4ന് രാത്രി 11ഓടെയാണ് കൃത്യം നടന്നത്. അയിരുപ്പാറ - വട്ടപ്പാറ റോഡിൽ ജ്യോതി ടെക്സ്റ്റൈൽസിന് സമീപം കിടന്നുറങ്ങിയിരുന്ന രാധാകൃഷ്ണൻ നായരെ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം മഴുവും വെട്ടുകത്തിയും കൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂലിപ്പണിക്കാരനായ രാധാകൃഷ്ണൻ നായരുടെ പക്കൽ നിന്ന് പണം മോഷ്ടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് സംഘം ചേർന്ന് കൊലചെയ്തതത്. രണ്ടാംപ്രതി കുമാർ വിചാരണ മദ്ധ്യേ മരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി. സി.സി.ടിവി ദൃശ്യങ്ങളും നിർണായകമായി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.ആർ.ഷാജി ഹാജരായി.ഷമീർ വെമ്പായം,അസീം നെടുമങ്ങാട്,നീരജ്,രാജ്കമൽ,മാർവ എ.എ,ആനന്ദ്,ഗിരി തുടങ്ങിയ അഭിഭാഷകരും ഹാജരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |