തൃശൂർ: ഇനി 16-ാം നാൾ വിധിയെഴുത്ത്. വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണത്തിന് പ്രവർത്തകർക്കാപ്പം നേതാക്കളും എത്തുന്നുണ്ട്. പഞ്ചായത്ത് കൺവെൻഷനുകൾ ഇതിനകം മൂന്നു മുന്നണികളും പൂർത്തിയാക്കി. ബൂത്ത് തല പ്രവർത്തനമാണ് സജീവം. സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന എല്ലാ വീടുകളിലും എത്തിക്കുന്ന തിരക്കിലാണ് താഴേത്തട്ടിലുള്ള പ്രവർത്തകർ. മുന്നു മുന്നണികളുടെയും പോഷക സംഘടനകളും രംഗത്തുണ്ട്.
വാർഡുകളെ മേഖലകളാക്കി തിരിച്ചുള്ള പ്രവർത്തനത്തിനായി സ്‌ക്വാഡുകളുമുണ്ട്. എല്ലാ ദിവസവും ജില്ലാ സംസ്ഥാന നേതാക്കളുടെ വിലയിരുത്തലുകളും നടക്കുന്നു. വരുംദിവസങ്ങളിൽ ഓരോ ബൂത്തുകളിലും നേതാക്കളെ എത്തിച്ച് കുടുംബ സംഗമങ്ങളിലേക്ക് കടക്കും. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ അടുത്തമാസം അഞ്ചിന് ശേഷമേ ആരംഭിക്കൂ. 11നാണ് കൊട്ടിക്കലാശം. ഇതിനിടെ റാലികളും പൊതുസമ്മേളനങ്ങളും നടക്കും.
സമൂഹ മാദ്ധ്യമങ്ങൾ നിറഞ്ഞ് ചേലക്കര
സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്ക് പുറമെ അൻവറിന്റെ ഡി.എം.കെ സ്ഥാനാർത്ഥിയുടെ പ്രചാരണവും ശക്തം. സമൂഹ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ടീം തന്നെ ഓരോ മുന്നണികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വ്യത്യസ്ത ഫോട്ടോയും വീഡിയോകളുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. സ്ഥാനാർത്ഥിക്കൊപ്പം സഞ്ചരിച്ച് ലഭിക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ പോസ്റ്റർ രൂപത്തിലാക്കി വോട്ടർമാർക്കിടയിലേക്ക് എത്തിക്കാനാണ് ശ്രമം.
അടിയൊഴുക്കുകളും നിരീക്ഷിക്കും
വോട്ടർമാരുടെ മനസറിയാനും തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും പ്രത്യേക ടീം തന്നെ മുന്നണികൾക്കുണ്ട്. നിശബ്ദമായാണ് ഇവരുടെ പ്രചാരണം. പോരായ്മകൾ കണ്ടെത്തി മുതിർന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചുമതല. നിക്ഷ്പക്ഷരുടെ മനസ് കണ്ടെത്തി ഒപ്പമാക്കാനുള്ള അടവുകൾ പയറ്റുകയാണ് നിശബ്ദ പ്രചാരകരുടെ ഡ്യൂട്ടി. പരമാവധി വോട്ടർമാരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകളും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |