ആറ്റിങ്ങൽ: സർക്കാർ 10 കോടി കൊടുത്തിട്ടും ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനെത്തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. ജീവനക്കാരുടെ 2 മാസത്തെ ശമ്പളകുടിശിക നൽകുക, ഇൻക്രിമെന്റ് നടപ്പാക്കുക, ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തൊഴിലാളികളെ സ്ഥലം മാറ്റുന്ന നടപടികൾ ഉപേക്ഷിക്കുക, ശമ്പളത്തീയതി നിശ്ചയിച്ച് കരാർ ഒപ്പുവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ ജീവനക്കാർ സർവീസ് നിറുത്തിവച്ച് അനിശ്ചിതകാല പണിമുടക്കാരംഭിച്ചത്. കമ്പനിയുടെ പ്രതിനിധിയും കേരളത്തിന്റെ ചുമതലക്കാരനുമായ ശരവണൻ അരുണാചലവുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തെ ശമ്പളത്തിന്റെ പകുതി നല്കുമെന്ന നിർദ്ദേശം സി.ഐ.ടി.യു തള്ളി. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 10 കോടി രൂപ സർക്കാർ നൽകിയിട്ടും നിഷേധനിലപാടാണ് കമ്പനി സ്വീകരിക്കുന്നത്. ജൂൺ മാസത്തെ ശമ്പളത്തിനായി ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് (ഐ.എഫ്. ടി)കേസുകളെടുക്കാതെ 3 ആഴ്ച ബഹിഷ്കരണ സമരം നടത്തിയിരുന്നു.അതിനുശേഷം ജൂലായ് 23ന് വാഹനങ്ങൾ പൂർണമായും നിറുത്തിയിട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അന്നത്തെ കരാറിൽ എല്ലാമാസവും 10ന് ശമ്പളം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. 2019 മുതലാണ് എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ 315 വാഹനവും 1400 ജീവനക്കാരുമുണ്ട്. അന്നുമുതൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാണ്. ജീവൻ പണയംവച്ച് പണിയെടുക്കുന്ന ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം പോലും നൽകാൻ മനസു കാണിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കുന്നതെന്ന് 108 ആംബുലൻസ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും സെക്രട്ടറി എസ്.എസ്.സുബിനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |