കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്.സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ വില 1810 രൂപയായി. മറ്റു ജില്ലകളിൽ വില ഇതിലും കൂടുതലാകും. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറുകളുടെ വില 48 രൂപ 50 പൈസ കൂട്ടിയിരുന്നു. നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് കൂടിയത്. 12 മണിക്കൂർ ഉപയോഗിക്കാനേ തികയൂ. പച്ചക്കറി, ഇറച്ചി, മീൻ വിലയും വർദ്ധിച്ചു. ഒരു തൂശനിലയ്ക്ക് 6 രൂപയായി. തൊഴിലാളിയ്ക്ക് 900 - 1000 രൂപയാണ് ദിവസക്കൂലി. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. വാടകകെട്ടിടത്തിലാണെങ്കിൽ ഉയർന്ന വാടക നൽകണം. ഇതിനിടയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിക്കടിയുള്ള പരിശോധന. പിഴയും കൈമടക്കുമായി വലിയ തുക ഇതിന് മാറ്റിവയ്‌ക്കേണ്ടി വരും.
ഭക്ഷണങ്ങൾക്ക് ഒറ്റയടിയ്ക്ക് വില കൂട്ടാനാകില്ല
ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. പച്ചക്കറി, മത്സ്യ,ഇറച്ചി വില ഉയർന്നതോടെ ഹോട്ടലുകളിൽ ആഹാര സാധനവില കൂട്ടിയിരുന്നു. വെജിറ്റേറിയൻ ഊണിന് മീഡിയം ഹോട്ടലുകളിൽ 60 - 100 രൂപ വരെയും വിലക്കുറവുള്ള മീൻകറിയോടെയുള്ള നോൺ വെജിന് കുറഞ്ഞത് 80 -90 രൂപയും ഈടാക്കിയിരുന്നു. രണ്ട്, മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 67,000 രൂപ വരെ അധിക ചെലവ് വരും. നഷ്ടം സഹിച്ച് നടത്തിക്കൊണ്ടു പോകാൻ കഴിയാത്തതിനാൽ സമീപകാലത്ത് 18 ഹോട്ടലുകൾ ജില്ലയിൽ അടച്ചു പൂട്ടിയെന്നാണ് കണക്ക്.
വഴിയോര കച്ചവടം ഭീഷണി
ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടവും തകൃതിയായി നടക്കുകയാണ്. ലൈസൻസും ഫീസും മറ്റ് വൻ ചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്.
''അരിയും ഇതര ഭക്ഷ്യ സാധനങ്ങളുടെ വില ഓരോ ദിവസവും കുതിച്ചുയരുന്നതിന് പിറകേയാണ് പാചക വാതക വിലയിലെ വൻ വർദ്ധനവ്. തൊഴിലാളി പ്രശ്നം വേറേ. വില കുറയ്ക്കാൻ അടിയന്തിര നടപടി സർക്കാർ സ്വീകരിക്കുന്നില്ലെങ്കിൽ ചെറുകിട ഹോട്ടലുകൾ അടച്ചു പൂട്ടേണ്ടി വരും. സാധാരണക്കാർ ആശ്രയിക്കുന്ന പഴയ ഹോട്ടലായതിനാൽ വില കൂട്ടുക ബുദ്ധിമുട്ടാണ്.
സുഭാഷ് (ഹോട്ടൽ ഉടമ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |