കോട്ടയം : നാലുവർഷത്തെ ഖത്തർ ജോലി അവസാനിപ്പിച്ച് മടങ്ങുമ്പോൾ മുണ്ടക്കയം പുത്തൻപുരയ്ക്കൽ വിജിയുടെ മനസ് ശൂന്യമായിരുന്നു. വരുമാനം നിലച്ചു. സമ്പാദ്യമില്ല. ഇനിയെന്തെന്ന ആശങ്ക.
ഒടുവിൽ പുത്തൻപുരയ്ക്കൽ വീട്ടിലെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും ചേർന്ന് നാടൻ രുചിക്കൂട്ടിന്റെ ഒരു കുഞ്ഞു ലോകം സൃഷ്‌ടിച്ചു. കോട്ടയം -കുമളി റോഡരികിൽ മുണ്ടക്കയം പൈങ്ങണയിൽ ഏഴ് പെണ്ണുങ്ങൾ നാത്തൂൻ പോരില്ലാതെ നടത്തുന്ന 'നാടൻ ഊണ് 'എന്ന ചെറുകട.
കഴിക്കാൻ നാടറിഞ്ഞെത്തി. ഒരിക്കൽ വന്നവർ രുചിപിടിച്ച് വീണ്ടും വരുന്നു. അന്യനാട്ടുകാരും കടതേടിപ്പിച്ച് എത്തുന്നു. തലേന്ന് ഇഷ്ടവിഭവം വിളിച്ചു പറഞ്ഞ് വരുന്നവരുമുണ്ട്.
ഹോംനഴ്സായിരുന്ന വിജി മരുഭൂമിയിലെ കഷ്ടപ്പാട് മടുത്താണ് മടങ്ങിയത്. ബന്ധുക്കളിൽ ചിലർ വീട്ടമ്മമാർ. മറ്റ് ചിലർ തൊഴിലുറപ്പ് തൊഴിലാളികൾ. വിജിയുടെ സഹോദരിമാരായ ഉഷയും സുമയും നാടൻ ഊണെന്ന ആശയം അവതരിപ്പിച്ചു. നാത്തൂന്മാരായ കുഞ്ഞുമോളും സന്ധ്യയും വിജയമ്മയും സുബിയും ഒപ്പം കൂടി. അഞ്ചു മാസം മുൻപ് പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ കട വാടകയ്ക്കെടുത്തു. കട കളറാക്കി. ഇപ്പോൾ ഏഴു കുടുംബത്തിനും അല്ലലില്ലാതെ കഴിയാനുള്ളത് കടയിൽ നിന്നു കിട്ടുന്നു.
പുറത്തുനിന്ന് ജോലിക്കാരില്ല
പുലർച്ചെ 5 മുതൽ വൈകിട്ട് 6 വരെയാണ് സമയം. വിറകടുപ്പിലെ പാചകം മുതൽ പാത്രം കഴുകൽ വരെ സ്ത്രീകളാണ്. പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഓട്ടോ ഡ്രൈവർമാരുമാണ് പതിവുകാർ. ഏഴ് പേരുടേയും വീട്ടുകാരും ഭക്ഷണം കഴിക്കുന്നത് ഇവിടെ. കൂലിപ്പണിക്ക് പോകുന്ന ഭർത്താക്കന്മാരും സ്‌കൂളിലേക്ക് കുട്ടികളും പൊതിഞ്ഞു കൊണ്ടുപോകും.
കൊതിപ്പിക്കും വിഭവങ്ങൾ
രാവിലെ കപ്പ, മീൻ കറി, പൊറോട്ട, പുട്ട്, ബീഫ് റോസ്റ്റ്
ഉച്ചയ്ക്ക് അഞ്ച് തൊടുകറിയോടെ 70 രൂപയുടെ നാടൻ ഊണ്
സ്‌പെഷ്യൽ: മീൻ, പൊടിമീൻ, ബീഫ്, കക്ക, കൂന്തൾ
എണ്ണയും പുളിയും മുളകും ചേർത്ത് ഇടിച്ച ചമ്മന്തി
തോരന് പറമ്പിലെ കോവയ്ക്ക, വാഴച്ചുണ്ട് , താൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |