തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക് കടക്കുമെന്ന് വിവരം. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തുടരന്വേഷണത്തിൽ കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമായിരിക്കും തുടർനടപടിയിലേക്ക് കടക്കുക. ഒരുതവണ കുറ്റപത്രം സമർപ്പിച്ച കേസ് ആയതിനാൽ കോടതിയുടെ അനുമതി നേടിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാവൂ. അനുമതി ലഭിച്ചാൽ ഇന്ന് തന്നെ സതീശന്റെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. മുമ്പ് കേസന്വേഷിച്ച അതേ സംഘത്തെ തന്നെയാണ് തുടരന്വേഷണത്തിനും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുള്ളത്.
വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തലവന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. സതീശന്റെ മൊഴി പരിശോധിച്ച ശേഷം കോടതിയെ സമീപിച്ചാൽ മതിയെന്നാണ് ഡിജിപി നൽകിയ നിർദേശം. സതീശ് മൊഴി ആവർത്തിച്ചാൽ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം. ഈ മാസം 13ന് വോട്ടെടുപ്പായതിനാൽ അടിയന്തര പ്രാധാന്യത്തോടെ സതീശന്റെ മൊഴി രേഖപ്പെടുത്തും.
തുടരന്വേഷണം ഔദ്യോഗികമായി ആരംഭിക്കാത്തതിനാൽ നോട്ടീസ് നൽകി സതീശന്റെ മൊഴിയെടുക്കുന്നതിൽ സാങ്കേതികപ്രശ്നം നിലനിൽക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വികെ രാജു രഹസ്യമായി സതീശനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്. ഈ മൊഴിയിൽ വെളിപ്പെടുത്തലിൽ പറഞ്ഞ കാര്യങ്ങൾ സതീശ് ആവർത്തിച്ചാൽ ഉടൻതന്നെ തുടരന്വേഷണാവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |