തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങിനിടെ കയറിന്റെ കുരുക്കഴിക്കാനാണ് ഇരുപതടി ഉയരമുള്ള കൊടിമരത്തിൽ കയറ്റിയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നെന്നും തന്റെ അറിവോടെയല്ലെന്നും ഡി.ഡി.ഇ ഓഫീസിലെ എ.എ ആർ.ഷീജ പറഞ്ഞു.
നെടുങ്കണ്ടത്ത് വിദ്യാർത്ഥിയെക്കൊണ്ട് ഛർദ്ദി വാരിപ്പിച്ചതിലും പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘട്ടനത്തിൽ പ്രഥമാദ്ധ്യാപികയ്ക്കും പി.ടി.എ പ്രസിഡന്റിനും മർദ്ദനമേറ്റതിലും മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേരള ബാങ്ക്
ജീവനക്കാരുടെ
ത്രിദിന പണിമുടക്ക്
നാളെ മുതൽ
തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാരുടെ മൂന്നു ദിവസത്തെ പണിമുടക്ക് നാളെ ആരംഭിക്കുമെന്ന് പ്രസിഡന്റ് വി.എസ്.ശിവകുമാറും ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാറും അറിയിച്ചു.
39ശതമാനം കുടിശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയോഗിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
വയനാട് എസ്റ്റേറ്റ് ഏറ്റെടുക്കൽ:
ഹർജികൾ വിധി പറയാൻ മാറ്റി
കൊച്ചി: വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രണ്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി ഉത്തരവിനായി മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വാദം കേട്ടത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ഇതിനെതിരെ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
ഏറ്റെടുക്കാനുള്ള ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും തുക ഇതു സംബന്ധിച്ചുള്ള കേസ് നിലനിൽക്കുന്ന കോടതിയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |