കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് നഗരസഭാ ജീവനക്കാർ വിജിലൻസ് പിടിയിൽ. കൊച്ചി നഗരസഭാ പള്ളുരുത്തി മേഖലാ ഓഫീസിന് കീഴിലെ ആരോഗ്യ വിഭാഗം ഒമ്പതാം സർക്കിൾ ജീവനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിജൻസി ജീവനക്കാരൻ ജോൺ എന്നിവരെയാണ് വിജിലൻസ് എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പള്ളുരുത്തി നമ്പ്യാപുരത്ത് തുടങ്ങുവാൻ പോകുന്ന മൊബൈൽ ഉപകരണങ്ങളുടെ ഗോഡൗണിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. മധു ആലുവ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 50000 രൂപയാണ് ആവശ്യപ്പെട്ടത്. വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നൽകിയ ഉടനെ വിജിലൻസ് പിടികൂടുകയായിരുന്നു. മൂന്ന് പേരും ചേർന്നാണ് കൈക്കൂലി വാങ്ങാൻ ആസൂത്രണം ചെയ്തതെന്ന് വിജിലൻസ് എസ്.പി.പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |