തിരുവനന്തപുരം: ഹിന്ദു, മുസ്ലിം വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണൻ, അഡി. ചീഫ് സെക്രട്ടറിക്കെതിരേ പരസ്യ അധിക്ഷേപത്തിന് സസ്പെൻഷനിലായ എൻ.പ്രശാന്ത് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സർക്കാർ.
സസ്പെൻഡ് ചെയ്ത് ഒരു മാസമായിട്ടും പ്രശാന്തിന് കുറ്റാരോപണ മെമ്മോ നൽകിയിട്ടില്ല. ഭരണസംവിധാനത്തിലെ ഐക്യം തകർക്കുകയാണ് ലക്ഷ്യമെന്നും ഐ.എ.എസിനോട് അവമതിപ്പ് ഉണ്ടാക്കും വിധം ഒരിക്കലും ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയെന്നാണ് പ്രശാന്തിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
സസ്പെൻഷനിലാവുന്നവർക്ക് ചാർജ്ജ് മെമ്മോ നൽകി, വിശദീകരണം കേട്ട ശേഷം വകുപ്പുതല അന്വേഷണമോ നടപടിയോ വേണമെന്നാണ് ചട്ടം.
ഗോപാലകൃഷ്ണന് ചീഫ്സെക്രട്ടറി നൽകിയ ചാർജ് മെമ്മോയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്രമാണുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥരിൽ വേർതിരിവുണ്ടാക്കാനും ഐക്യം തകർക്കാനുമാണ് ഗോപാലകൃഷ്ണൻ ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജപരാതി ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ നൽകിയത് മൂന്നുവട്ടം ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം മായ്ച ശേഷമായിരുന്നു. ഇത് തെളിവ് നശിപ്പിക്കലാണ്. ഇതിലൊന്നും കുറ്റാരോപണ മെമ്മോയിൽ വിശദീകരണം ആവശ്യപ്പെട്ടട്ടില്ല.ഗോപാലകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്നാണ് പൊലീസിന്റെയും നിലപാട്. ആരോപണങ്ങൾ നിസാരമെന്ന് വരുത്തി നടപടി സസ്പെൻഷനിൽ ഒതുക്കാനാണ് നീക്കം. മുസ്ലീം ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെ അദീല അബ്ദുള്ള ചീഫ്സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അതിലും അന്വേഷണമില്ല.
ഗ്രൂപ്പുകൾ രൂപീകരിച്ചെന്നല്ലാതെ വിദ്വേഷ സന്ദേശങ്ങളോ പരാമർശങ്ങളോ ഇല്ലെന്നും ഗ്രൂപ്പിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നുമാണ് പൊലീസ് നിലപാട്. ഗ്രൂപ്പിൽ ഉൾപ്പെട്ട ആരുടെയും പരാതിയില്ലാതെ കേസ് നിലനിൽക്കില്ലെന്നും പൊലീസ് പറയുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർദ്ധ വളർത്താനും വഴിയൊരുക്കുമെന്ന് ജില്ലാ ഗവ.പ്ലീഡർ പൊലീസിന് നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |