ന്യൂഡൽഹി: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരായ ക്രൂരതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇന്ത്യ. ബംഗ്ളാദേശിലേയ്ക്ക് ഉന്നത നയതന്ത്രജ്ഞനെ അയച്ചിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഷെയ്‌ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ ബംഗ്ളാദേശിലെത്തുന്നത്.
വിദേശകാര്യ സെക്രട്ടറി ചർച്ചകൾക്കായി ധാക്കയിൽ എത്തിയിരിക്കുകയാണ്. തന്റെ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്‌ച ബംഗ്ളാദേശ് സന്ദർശിക്കുമെന്ന് കഴിഞ്ഞയാഴ്‌ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചിരുന്നു. മിസ്രി ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും മറ്റുപല ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷെയ്‌ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ അധികാരത്തിലെത്തിയ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കീഴിൽ ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.
ബംഗ്ളാദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും അക്രമങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന് ബംഗ്ളാദേശിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശ് ഇടക്കാല സർക്കാർ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. ആക്രമണങ്ങളും പ്രകോപനങ്ങളും വർദ്ധിക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. സംഭവവികാസങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ചുകാട്ടുകയാണെന്ന ബംഗ്ലാദേശിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌കോണിനെതിരായ നടപടികളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോളതലത്തിൽ അറിയപ്പെടുന്ന, സാമൂഹ സേവനത്തിൽ റെക്കാഡുള്ള സ്ഥാപനമാണ് ഇസ്‌കോൺ. ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. കേസുകൾ നിഷ്‌പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |