കാൻബെറ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ടീം ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയയെ നേരിടുകയാണ് ഇന്ത്യ ഇപ്പോൾ. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് തൊട്ടുമുൻപ് രോഹിത്തും സംഘവും ഓസ്ട്രേലിയൽ പ്രധാനമന്ത്രിയായ ആന്റണി അൽബാനീസുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങളിൽ രോഹിത് ശർമ അണിഞ്ഞ വാച്ചും ശ്രദ്ധേയമായിട്ടുണ്ട്.
ആഡംബര കമ്പനിയായ പാടെക് ഫിലിപ്പ് അക്വാനെട്ടിന്റെ 63.5 ലക്ഷം വിലമതിക്കുന്ന വാച്ചാണ് താരം അണിഞ്ഞിരിക്കുന്നത്. ലളിതമായ രീതിയിലാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കമ്പനികളിലൊന്നാണ് പ്രീമിയം ബ്രാൻഡുകൾ പുറത്തിറക്കുന്ന പാടെക് ഫിലിപ്പ്. നിരവധി സെലിബ്രിറ്റികളും ഈ കമ്പനിയുടെ വാച്ച് സ്വന്തമാക്കിയിട്ടുണ്ട്.
ദൈനംദിന ഉപയോഗത്തിനും ആഘോഷങ്ങൾക്ക് അണിയുന്നതിനും വിവിധ തരത്തിലുളള മോഡലുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഡോളർ വിലമതിപ്പുളള ആഡംബര വാച്ചുകളും ഇക്കൂട്ടത്തിലുണ്ട്. കോംപാക്ട് ഡിസൈനിലുളള കനം കുറഞ്ഞ വാച്ചാണ് രോഹിത് അണിഞ്ഞത്. സിൽവർ- ടോൺ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് ഈ നിർമിച്ചിരിക്കുന്നത്. റബ്ബർ കോമ്പോസിറ്റ് സ്ട്രാപ്പ്, പേറ്റന്റ് ഗോൾഡ് ഫോൾഡ് ക്ലാസ്പ് എന്നിവ ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കറുത്ത ഡയലാണ്. കൂടാതെ കമ്പനി ബ്രാൻഡിന്റെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്.
നിരവധി ആഡംബര വാച്ചുകളുടെ ശേഖരമുളള ക്രിക്കറ്റ് കളിക്കാരനാണ് രോഹിത് ശർമ. വാച്ച് ശേഖരത്തിൽ ഹബ്ലോട്ടിന്റെയും റോളക്സിന്റെയും വാച്ചുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ബാർബഡോസിൽ ടി20 കപ്പ് നേടിയതിനുശേഷം ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ വാച്ച് ധരിച്ച രോഹിത്തിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഏകദേശം 1.75 കോടി വിലമതിപ്പുളളതാണ് ആ വാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |