തൊടുപുഴ: കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി റോഷി അഗസ്‌റ്റിൻ. വന്യമൃഗ ആക്രമണം തടയാൻ സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇടുക്കി പാക്കേജിൽ പ്രത്യേക പദ്ധതിയുണ്ടാകുമെന്നും ഇതിന് വനംവകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
അമർ ഇലാഹിയുടെ മൃതദേഹം മുള്ളരിങ്ങാട് ജുമാ മസ്‌ജിദിൽ 9.15ഓടെ ഖബറടക്കി. സ്ഥലത്തെത്തിയ മന്ത്രിയ്‌ക്കും മറ്റ് ജനപ്രതിനിധികൾക്കും നേരെ ജനങ്ങൾ വലിയ രോഷപ്രകടനം തന്നെയാണ് നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രദേശത്ത് കാട്ടാന ശല്യമുണ്ട്. ഇവിടെ സോളാർ വേലി സ്ഥാപിക്കാനും ആർആർടി സംഘത്തിന്റെ സേവനം ഉറപ്പാക്കാനും നടപടി വേണമെന്ന് ജനപ്രതിനിധികൾ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറത്ത് ഹർത്താൽ നടക്കുകയാണ്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ നേതൃത്വത്തിലാണ് ഹർത്താൽ. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡു ഇന്ന് നൽകും.കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് അമറിന്റെ മരണത്തോടെ ഇല്ലാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |