പറവൂർ: വടക്കേക്കര തുരുത്തിപ്പുറത്ത് വയോധികരായ ദമ്പതികളെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (52)ക്ക് പറവൂർ അഡിഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം കഠിനതടവ് വിധിച്ചു. വീട്ടിൽ അതിക്രമിച്ച് കയറി കൊലനടത്തി കവർച്ച ചെയ്തതിനും തെളിവ് നശിപ്പിച്ചതിനും പതിനാല് വർഷം അധികതടവും 3.35 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2014 ഏപ്രിൽ രണ്ടിന് രാത്രി കുനിയൻതോടത്ത് വീട്ടിൽ ജോസ് (70),ഭാര്യ റോസിലി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. നീണ്ടൂർ സ്വദേശിയാണെങ്കിലും ജോഷി മലപ്പുറം പുളിക്കൽ ചെറുകാവ് ഭാഗത്ത് നിന്ന് വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. നീണ്ടൂരിൽ ഉണ്ടായിരുന്ന സമയത്ത് ജോസ്-റോസിലി ദമ്പതികളുടെ മകൻ റോജോയുടെ സുഹൃത്തായിരുന്ന ജോഷി കുനിയന്തോടത്ത് വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ഒരു കേസിൽപ്പെട്ട് റോജോ ഒളിവിൽ പോയതോടെ ഒറ്റയ്‌ക്കായ ജോസിനെയും റോസിലിയെയും സന്ദർശിച്ച് ജോഷി പരിചയം പുതുക്കി. പിന്നീട്,ആസൂത്രിതമായി ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.കൊലയ്ക്ക് ശേഷമാണ് റോസിലിയുടെ സ്വർണാഭരണങ്ങൾ കവർന്നത്.
കേസിൽ 52 സാക്ഷികളെ വിസ്‌തരിച്ചു. 83 പ്രമാണങ്ങളും 37 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.ബി. ഷാജി ഹാജരായി.
കുടുക്കിയത്
ഡ്രൈവറുടെ മൊഴി
സംഭവസ്‌ഥലത്ത് തെളിവുകൾ അവശേഷിപ്പിക്കാതെ കൊലനടത്തി രക്ഷപ്പെട്ട ജോഷിയെ കുടുക്കിയത് മലപ്പുറത്തേക്ക് പോകാൻ വിളിച്ച ടാക്സിയുടെ ഡ്രൈവർ മണിയപ്പന്റെ മൊഴിയാണ്. മലപ്പുറത്ത് എത്തിയ ജോഷി,മണിയപ്പന്റെ വിസിറ്റിംഗ് കാർഡ് വാങ്ങിയിരുന്നു. പിന്നീട് മണിയപ്പനെ വിളിച്ച് കൊലപാതകത്തെക്കുറിച്ച് പത്രവാർത്ത കണ്ടതായി പറഞ്ഞു. ജോഷിയുടെ സംസാരത്തിൽ സംശയം തോന്നിയ മണിയപ്പൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണ് ജോഷി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |