തിരുവനന്തപുരം : കാട്ടാക്കട അമ്പലത്തുംകാല മണ്ണടി പുത്തൻവീട്ടിൽ ആർ. ശ്രീകുമാർ എന്ന അശോകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സംഭവത്തിൽ നേരിട്ട് പങ്കാളികളായ അഞ്ച് പ്രതികൾക്കെതിരെ കൊലക്കുറ്റവും മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവുമാണ് കണ്ടെത്തിയിട്ടുളളത്. പലിശ നൽകിയത് കുറഞ്ഞ് പോയത് ചോദ്യം ചെയ്തതായിരുന്നു കൊലപാതക കാരണം. 16 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. നാലാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും.
ആമച്ചൽ സ്വദേശികളായ തലക്കോണം തെക്കേ കുഞ്ചു വീട്ടിൽ ശംഭുകുമാർ എന്ന ശംഭു,കരുതംകോട് കാവിൻപുറം എസ്.എം സദനത്തിൽ ശ്രീജിത്ത് എന്ന ഉണ്ണി,കരുംതംകോട് മേലെ കുളത്തിൻകര വീട്ടിൽ ഹരികുമാർ,കരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ എന്ന അമ്പിളി,തലക്കോണം തെക്കേ കുഞ്ചുവീട്ടിൽ സന്തോഷ് എന്ന ചന്തു എന്നിവർക്കെതിരെയാണ് കൊലക്കുറ്റം കണ്ടെത്തിയിട്ടുളളത്. ആലംകോട് കുളത്തുമ്മേൽ അമ്പലത്തിൻകാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്,അമ്പലതിൻകാല കളവക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്,കുളത്തുമ്മേൽ ചെമ്പനാക്കോട് ചന്ദ്രവിലസത്തിൽ സജീവ് എന്നിവർക്കെതിരെയാണ് കോടതി കുറ്റകരമായ ഗൂഢാലോചന കുറ്റം കണ്ടെത്തിയിട്ടുളളത്. 19 പ്രതികൾ ഉണ്ടായിരുന്ന കേസിൽ ഒരാൾ മരണപ്പെടുകയും രണ്ടു പേർ മാപ്പ് സാക്ഷികൾ ആകുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീകുമാർ സി.പി.എം പ്രവർത്തകനാണ്. പ്രതികൾ ബി.ജെ.പി. പ്രവർത്തകരും. .കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ആട് ബിനു എന്ന ബിനു ഒന്നാം പ്രതി ശംഭുകുമാറിൽ നിന്ന് ബിനുവിന്റെ ബൈക്കിന്റെ ആർ.സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശ നൽകിയത് കുറഞ്ഞതിനാൽ ഒന്നാം പ്രതി ബിനുവിന്റെ ബൈക്കിന്റെ താക്കോൾ എടുത്തു. ഇത് കൊല്ലപ്പെട്ട ശ്രീകുമാർ ചോദ്യം ചെയ്യുകയും ശംഭുവിനെ മർദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികൾ ശ്രീകുമാറിനെ മർദ്ദിച്ചതും തുടർന്ന് മരണം സംഭവിച്ചതും. 2013 മേയ് രണ്ടിനായിരുന്നു സംഭവം. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കീം, അതുൽ കൃഷ്ണ എസ്.എൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |