തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേയാട് സ്വദേശികളായ സി. കുമാർ, ആശ എന്നിവരാണ് മരിച്ചത്. ആശയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.
കൈരളി ടെലിവിഷൻ ചാനലിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു കുമാർ. പാങ്ങോട് സൈനിക ക്യാമ്പിൽ താത്‌കാലിക ജീവനക്കാരിയായിരുന്നു ആശ. രണ്ടുദിവസം മുൻപാണ് തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ കുമാർ മുറിയെടുത്തത്. ഇന്നലെ രാവിലെ ആശയെ വിളിച്ചുവരുത്തി. ഇരുവരേയും പുറത്തേയ്ക്ക് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആശയെ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിൽ കട്ടിലിന് സമീപത്തായും കുമാറിനെ കൈ ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ആശയെ കൊലപ്പെടുത്തിയതിനുശേഷം കുമാർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കത്തി മുറിയിൽ നിന്ന് കണ്ടെടുത്തു.
പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ആശയുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ രാത്രിയായിരിക്കാം കൊല നടന്നതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരുടെയും വസ്ത്രങ്ങളടങ്ങിയ ബാഗും മുറിയിലുണ്ടായിരുന്നു.
വിവാഹമോചിതനായതിനുശേഷമാണ് കുമാർ ആശയുമായി അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു. ആശയ്ക്ക് രണ്ട് മക്കളുണ്ട്. ജോലി കഴിഞ്ഞ് വൈകിട്ടെത്താറുള്ള ആശയെ രാത്രിയായിട്ടും കാണാതായതിനെത്തുടർന്നാണ് ഭർത്താവ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |