കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം ശക്തമായതോടെ നിക്ഷേപകർ കരുതൽ മോഡിലേക്ക് നീങ്ങുന്നു. നടപ്പുവർഷത്തിന്റെ തുടക്കം മുതൽ വിപണി തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. ആദ്യ പത്ത് ദിവസത്തിനിടെ പ്രധാന സൂചികകളിൽ നാല് ശതമാനത്തിനടുത്ത് ഇടിവുണ്ടായി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയും കനത്ത സമ്മർദ്ദത്തിലാണ്. ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ഡിസംബറിലെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പ കണക്കുകൾ ഈ വാരം കേന്ദ്ര സർക്കാർ പുറത്തുവിടും. ഒക്ടോബറിൽ 6.21 ശതമാനം വരെ ഉയർന്ന ചില്ലറ വില സൂചിക നവംബറിൽ 5.5 ശതമാനമായി താഴ്‌ന്നിരുന്നു. ഡിസംബറിൽ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിലും താഴുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ഡോളറിനെതിരെ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ചയും വിപണിക്ക് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ രൂപയുടെ മൂല്യം 85.97 വരെ താഴ്ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ രൂപ ഇനിയും താഴേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടാകുന്നതും തലവേദന സൃഷ്‌ടിക്കുന്നു. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തം
നടപ്പുവർഷം ആദ്യ രണ്ടാഴ്ചയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 22,259 കോടി രൂപയാണ്. അമേരിക്കയിലെ ഓഹരി, ബാേണ്ട് വിപണികളിലെ വരുമാനം മെച്ചപ്പെട്ടതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ അവസാന വാരത്തിൽ റെക്കാഡ് ഉയരമായ 85,978.25ൽ എത്തിയ സെൻസെക്സ് ഇതുവരെ പത്ത് ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്‌റ്റി റെക്കാഡ് ഉയരമായ 26,277.35ൽ നിന്ന് 2,850 പോയിന്റ് ഇടവ് നേരിട്ടു.
കേരള കമ്പനികളുടെ ഓഹരികൾക്കും തിരിച്ചടി
കേരളത്തിലെ പ്രമുഖ ലിസ്‌റ്റഡ് കമ്പനികളിൽ മുത്തൂറ്റ് ഫിനാൻസ് ഒഴികെയുള്ളവ കനത്ത വില്പന സമ്മർദ്ദത്തിലാണ്. മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം അനിശ്ചിതത്വങ്ങൾക്കിടെയിലും ഒരവസരത്തിൽ 90,000 കോടി രൂപയ്ക്ക് മുകളിലെത്തിയിരുന്നു. എന്നാൽ അതിന് ശേഷം വില താഴേക്ക് നീങ്ങി. കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, കല്യാൺ ജുവലേഴ്‌സ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജിയോജിത് തുടങ്ങിയവയുടെ ഓഹരി വിലയിലും കഴിഞ്ഞ ദിവസങ്ങളിൽ ഇടിവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |