വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നുംഘട്ട തുറമുഖ വികസനത്തിനുള്ള പരിസ്ഥിതി അനുമതി രണ്ട് മാസത്തിനുള്ളിൽ ലഭിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് പരിസ്ഥിതി,തീരദേശ പരിപാലന (സി.ആർ.ഇസെഡ്) ക്ലിയറൻസ് അംഗീകരിക്കാൻ കേരള തീരദേശ മേഖല മാനേജ്മെന്റ് അതോറിട്ടി(കെ.സി.ഇസെഡ്.എം.എ) കേന്ദ്രത്തോട് ശുപാർശ നൽകിയതായാണ് വിവരം.
അനുമതി ലഭിക്കുന്നതോടെ തുറമുഖത്തിന്റെ രണ്ടും മൂന്നുംഘട്ട നിർമ്മാണ നടപടികൾക്ക് വേഗം കൂടും. സംസ്ഥാന പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതാണ് കേരള തീരദേശ മേഖല മാനേജ്മെന്റ് അതോറിട്ടി (കെ.സി.ഇസെഡ്.എം.എ). ഡിസംബർ അവസാനമാണ് കെ.സി.ഇസെഡ്.എം.എ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് ശുപാർശ നൽകിയതെന്ന് അധികൃതർ പറഞ്ഞു.
തുടർന്ന് കഴിഞ്ഞ 4ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കേന്ദ്രത്തിന് അപേക്ഷയും നൽകി. അനുമതി ലഭിക്കുന്നതിന് മുന്നോടിയായി ടെക്നിക്കൽ അതോറിട്ടിയുടെ വാദം കേന്ദ്ര വിദഗ്ദ്ധ സംഘം കേൾക്കും. ഇതിനു ശേഷമാകും അനുമതി ലഭിക്കുകയെന്ന് അധികൃതർ പറഞ്ഞു.
ഒന്നും രണ്ടും ഘട്ടങ്ങളിലെ പരിസ്ഥിതി അനുമതിക്കായുള്ള പൊതു ഹിയറിംഗ് വിഴിഞ്ഞത്ത് കഴിഞ്ഞ ജൂൺ 19ന് നടന്നിരുന്നു. തുടർന്ന് കെ.സി.ഇസെഡ്.എം.എ ഉദ്യോഗസ്ഥർ തുറമുഖ നിർമ്മാണ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു ശുപാർശ നൽകിയത്.
ആദ്യഘട്ടത്തിൽ
ആദ്യഘട്ടത്തിൽ 3000 മീറ്റർ പുലിമുട്ട് വിപുലീകരണമായിരിക്കും നടക്കുക. ഇതോടെ തുറമുഖത്ത് 30 ലക്ഷം ടി.ഇ.യു ശേഷിയായി വർദ്ധിക്കും. രണ്ടും മൂന്നും ഘട്ട വികസനങ്ങൾ 2045ഓടെ പൂർത്തിയാക്കാനായിരുന്നു ആദ്യ കരാറെങ്കിലും
2028 ഓടെ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ അദാനി തുറമുഖ കമ്പനിയോട് ആവശ്യപ്പെട്ടു.
നടക്കാൻ പോകുന്നത്
നിലവിലെ 3 കിലോമീറ്റർ പുലിമുട്ട് 1000 മീറ്റർ കൂടി നീട്ടി 4 കിലോമീറ്ററാക്കും. ബെർത്ത് നിലവിൽ 800 മീറ്ററായത് 1200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2000 മീറ്ററാക്കും. രണ്ടും മൂന്നും ഘട്ടത്തിനായി 9,540 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്കുതന്നെ നിർമ്മാണം ആരംഭിക്കും.ഇതിനു മുന്നോടിയായി പുലിമുട്ട് നീളം കൂട്ടുന്നതിനായി കരിങ്കല്ലുകൾ നേരത്തേതന്നെ സംഭരിച്ചുതുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |