ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായപ്പോളാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്‌താവന രാജ്യദ്രോഹപരമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുതിയ കോൺഗ്രസ് ആസ്ഥാന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
മറ്റേതെങ്കിലും രാജ്യത്തായിരുന്നു ഇത്തരം പ്രസ്താവനയെങ്കിൽ ആർ.എസ്.എസ് മേധാവി അറസ്റ്റിലായേനെ എന്നും പറഞ്ഞു. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം അസാധുവാണെന്ന് പറയുന്നത് രാജ്യദ്രോഹമാണ്. ഇത്തരം അസംബന്ധങ്ങൾ നിർത്തേണ്ട സമയമായി. കോൺഗ്രസ് പ്രത്യയശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും ആർ.എസ്.എസിനെതിരെ പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ശിവനും ബുദ്ധനും ഗുരുനാനാക്കും കബീറും ഗാന്ധിജിയും രാജ്യത്തിന് ശരിയായ പാത കാണിച്ച പ്രതീകങ്ങളാണ്. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ അത്തരം പ്രതീകങ്ങളില്ല.
രാജ്യത്തെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ബി.ജെ.പിയും ആർ.എസ്.എസും പിടിച്ചെടുത്തു. അതിനാൽ പോരാട്ടം അവരിൽ ഒതുങ്ങുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ അസ്വസ്ഥതയുണ്ടെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ എന്തോ കുഴപ്പം സംഭവിച്ചുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ഒരു കോടിയോളം പുതിയ വോട്ടർമാർ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് എങ്ങനെ. വോട്ടർ പട്ടിക സുതാര്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്.
ബി.ജെ.പിക്കും ആർ.എസ്.എസിനും കീഴടങ്ങാത്ത കോൺഗ്രസുകാർക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അവരെ തടയാൻ കഴിവുള്ള ഒരേയൊരു പാർട്ടി കോൺഗ്രസാണ്. കോൺഗ്രസിന് പ്രത്യയശാസ്ത്രമുണ്ട്. പുതിയ ആസ്ഥാനം നേതാക്കളുടെയും തൊഴിലാളികളുടെയും രക്തത്തിൽ നിന്ന് ഉയർന്നതാണ്. അതിനു പിന്നിലെ ആശയം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |