തിരുവനന്തപുരം: ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച ഐ.എസ്.ആർ.ഒയുടെ സ്‌പേയ്സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള പി.എസ്.എൽ.വി.സി 60 റോക്കറ്റും 400കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും നിർമ്മിച്ചത് തിരുവനന്തപുരത്തെ അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ്. തുമ്പയിലെ വി.എസ്.എസ്.സിയിൽ നിന്ന് കരാറെടുത്ത അനന്ത് ടെക്നോളജീസാണ് റോക്കറ്റ് ഭാഗങ്ങൾ നിർമ്മിച്ചത്. ഇത് പിന്നീട് വി.എസ്.എസ്.സിയിൽ അസംബിൾ ചെയ്യുകയായിരുന്നു. രാജ്യത്താദ്യമായാണ് ഒരു സ്വകാര്യ കമ്പനി പി.എസ്.എൽ.വി റോക്കറ്റിന്റേയും ഉപഗ്രഹങ്ങളുടേയും കൂടുതൽ ഭാഗങ്ങളും നേരിട്ട് നിർമ്മിക്കുന്നത്.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡോ.സുബ്ബറാവു പാവലൂരി 2000ൽ ഹൈദരാബാദിൽ സ്ഥാപിച്ച അനന്ത് ടെക്‌നോളജീസ് ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ സ്വകാര്യപങ്കാളിയാണ്. 2010ലാണ് തിരുവനന്തപുരത്ത് കമ്പനി തുടങ്ങുന്നത്. 2020ൽ മേനംകുളം കിൻഫ്രപാർക്കിലേക്ക് മാറി. 40,000 ച. അടി വിസ്തൃതിയുള്ള സമുച്ചയവും വി.എസ്.എസ്.സി ക്യാമ്പസിൽ യൂണിറ്റുമുണ്ട്.
പി.എസ്.എൽ.വിയുടെ സി 51 മുതൽ 60വരെയുള്ള പത്ത് റോക്കറ്റുകൾ നിർമ്മിച്ചത് അനന്ത് ആണ്. തിരുവനന്തപുരം ബ്രഹ്മോസിൽ മിസൈൽ നിർമ്മാണ കരാറും ഏറ്റെടുത്തിട്ടുണ്ട്. റോക്കറ്റിന്റെ ലോഹ പുറംപാളി ഒഴികെ എല്ലാം ഇവിടെ നിർമ്മിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |