കൊട്ടിയം: നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിനുള്ള പണം കണ്ടെത്താൻ, കുറഞ്ഞ ചെലവിൽ മുട്ട വിരിയിച്ചെടുക്കുന്ന ഇൻകുബേറ്റർ നിർമിച്ച് കുട്ടികൾ. കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരായ അഞ്ചു പേരും എട്ടാം ക്ലാസിലെ ഒരാളും ചേർന്നാണ് ഇൻകുബേറ്റർ വികസിപ്പിച്ചെടുത്തത്.
വിദേശരാജ്യങ്ങളിൽ പഠനത്തോടൊപ്പം കുട്ടികൾ വരുമാനവും കണ്ടെത്തുന്നുണ്ട് ഇത് നമ്മുടെ നാട്ടിലും എങ്ങനെ പ്രാബല്യത്തിൽ വരുത്താം എന്നുള്ള കുട്ടികളുടെ ഗവേഷണത്തിനൊടുവിലാണ് ഡിജിറ്റൽ ഇൻകുബേറ്ററും സെമി ഓട്ടോ ഇൻകുബേറ്ററും നിർമ്മിച്ചത്. വടക്കേവിള കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രോജക്ടുകളുടെ പ്രദർശനത്തിൽ ഇവരുടെ ഇൻകുബേറ്ററിന് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പഠനത്തിനും ജീവിത ചെലവിനും പണം കണ്ടെത്താനാവാതെ വലയുന്ന കുട്ടികളെ കണ്ടെത്തി പൗൾട്രി ക്ലബ്ബ് ഉണ്ടാക്കിയ ശേഷം രക്ഷാകർത്താക്കൾക്ക് ഇൻകുബേറ്റർ കൈമാറും. കുടുംബശ്രീകൾക്ക് ഉൾപ്പെടെ ഇവ നിർമ്മിച്ചു നൽകാമെന്ന് കുട്ടികൾ പറയുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥിനി റാണി ഗോഡ് വിൻ, സഹോദരി എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിമി ഗോഡ് വിൻ, പത്താം ക്ലാസുകാരായ ആലിയ, അൽഫോൻസാ ജിജി,സുൽത്താന, സഹദിയ എന്നിവർ ചേർന്നാണ് ഇൻകുബേറ്റർ നിർമ്മിച്ചത്. എൻ.എസ്.എം.ജി.എച്ച്.എസിലെ ശാസ്ത്ര അദ്ധ്യാപകൻ ജിഫ്രിന്റെ മേൽനോട്ടത്തിൽ മാസങ്ങൾ നീണ്ട പ്രയത്നമാണ് നേട്ടത്തിനു പിന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |