ടെൽ അവീവ്: അവസാന നിമിഷംവരെയും തുടർന്ന അനിശ്ചിതത്വവും ആശങ്കയും വഴിമാറി. ഗാസയിൽ സമാധാനത്തിന്റെ വെളിച്ചം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.45 മുതൽ (പ്രാദേശിക സമയം രാവിലെ 11.15) വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു.15 മാസം നീണ്ട യുദ്ധത്തിന്റെ കെടുതികൾ ബാക്കിയാണ്.
ഒരു ബന്ദിയെ ഹമാസ് മോചിപ്പിക്കുമ്പോൾ,30 തടവുകാരെ ഇസ്രയേൽ വിട്ടയയ്ക്കണമെന്നാണ് കരാർ.
മൂന്നു യുവതികളെ ഹമാസ് മോചിപ്പിച്ചു. തുടർന്ന് ജയിലിൽ കഴിഞ്ഞ 90 പാലസ്തീനികളെ ഇസ്രയേലും വിട്ടയച്ചു. ഈ അനുപാതത്തിലുള്ള കൈമാറ്റം ആറാഴ്ച കൊണ്ട് പൂർത്തിയാക്കും. ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുതുടങ്ങി.
പലായനംചെയ്ത ആയിരങ്ങൾ ഗാസയിലേക്ക് മടക്കയാത്ര ആരംഭിച്ചു. മൂന്നു മണിക്കൂറോളം വൈകിയാണ് വെടിനിറുത്തൽ നടപ്പായത്. വെടിനിറുത്തലിന് അരമണിക്കൂർ മുമ്പ് വരെ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. അതിനിടെ 19 പേർ കൊല്ലപ്പെട്ടു.
46,913:
15 മാസത്തെ യുദ്ധത്തിൽ
ഗാസയിലെ ആകെ മരണം
33:
ഹമാസ് മോചിപ്പിക്കുന്ന
ബന്ദികൾ
1,904:
ഇസ്രയേൽ വിട്ടയയ്ക്കുന്ന
പാലസ്തീനികൾ
സമ്മർദ്ദത്തിൽ നെതന്യാഹു
വെടിനിറുത്തലിനെ 'താത്കാലികം'എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. അനിവാര്യമെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുമെന്നും മുന്നറിയിപ്പ് . ഇതിനിടെ കരാറിനെ എതിർത്ത് സഖ്യകക്ഷി നേതാവായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ രാജിവച്ചത് നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കി. വെടിനിറുത്തലിനെ 'ഭീകരവാദത്തിന്റെ വിജയം' എന്നാണ് ബെൻ-ഗ്വിർ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പാർട്ടി സർക്കാർവിട്ടു. ദേശീയവാദികളായ കൂടുതൽ മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
പേര് ലഭിച്ചില്ല, വൈകി
വെടിനിറുത്തൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്നത് ഉച്ചയ്ക്ക് 12ന് (പ്രാദേശിക സമയം രാവിലെ 8.30). 24 മണിക്കൂർ മുമ്പ് ബന്ദികളുടെ വിവരങ്ങൾ കൈമാറണമെന്ന വ്യവസ്ഥ ഹമാസ് തെറ്റിച്ചു. അതിനിടെ വെടിനിറുത്തില്ലെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ഗാസയിൽ ആക്രമണം നിറുത്തി.
സ്വാതന്ത്ര്യത്തിലേക്കുള്ള പാത
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഡൊറോൺ സ്റ്റെയ്ൻബ്രെചർ (31), ബ്രിട്ടീഷ്-ഇസ്രയേലി പൗര എമിലി ഡാമരി (28), റോമി ഗോനൻ (24) എന്നിവരെ മദ്ധ്യഗാസയിൽ വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറി. ഗാസയ്ക്കുള്ളിലെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങി അതിർത്തിയിലെ സൈനിക ക്യാമ്പിലേക്കും തുടർന്ന് ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിലേക്കും മാറ്റി. രാത്രി വൈകി പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
വിജയിച്ചാൽ സ്ഥിരം വെടിനിറുത്തൽ
ഏഴാം ദിനം 4 ബന്ദികളെ കൂടി കൈമാറും. ആദ്യ ഘട്ടത്തിന്റെ 16 -ാം നാൾ മുതൽ ചർച്ചകൾ തുടങ്ങും. വിജയിച്ചാൽ 42ാം ദിവസം രണ്ടാം ഘട്ടം. ശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കും. ഗാസയിൽ സ്ഥിരം വെടിനിറുത്തൽ വരും. മൂന്നാം ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കും. ഗാസയുടെ പുനർനിമ്മാണം തുടങ്ങും.
ഇന്ത്യയ്ക്ക് നന്ദി
ന്യൂഡൽഹി : ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, സ്വയം പ്രതിരോധത്തിനുള്ള തങ്ങളുടെ അവകാശത്തിന് അടക്കം പിന്തുണ നൽകിയ ഇന്ത്യയ്ക്ക് നന്ദിയെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസർ പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിന് വെടിനിറുത്തൽ കരാർ വഴിയൊരുക്കും. സംഘർഷമുണ്ടാക്കാൻ ഹമാസ് വീണ്ടും ശ്രമിച്ചാൽ സമാധാനം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |