തിരുവനന്തപുരം: 54 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഈഞ്ചയ്ക്കൽ വഞ്ചിനാട് സഹകരണ സംഘം ബോർഡ് അംഗങ്ങളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ ഓഫീസിലെത്തി നിക്ഷേപകർ പ്രതിഷേധിച്ചത്.
ആദ്യം ഈഞ്ചയ്ക്കലുള്ള വഞ്ചിനാട് സഹകരണ സംഘം ഓഫീസിന് മുന്നിലെത്തിയെങ്കിലും സംഘം ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.ഇവിടെ അഡ്മിനിസ്ട്രേറ്റർ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല.തുടർന്നാണ് അസി.രജിസ്ട്രാർ ഓഫീസിലേക്ക് എത്തിയത്. അസിസ്റ്റന്റ് രജിസ്ട്രാറുമായി നടത്തിയ ചർച്ചയിൽ അഡ്മിനിസ്ട്രേറ്റർ ദേവസേനനോട് ലോൺ എടുത്തവർക്ക് നോട്ടീസ് അയയ്ക്കാനും തിരിച്ചടയ്ക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.കേസിൽപ്പെടാത്ത ജീവനക്കാരെ നിലനിറുത്തി സംഘം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമെന്നും സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നതിനാവശ്യമായ സഹകരണം നിക്ഷേപകരിൽ നിന്നുണ്ടാകണമെന്നും അസിസ്റ്റന്റ് രജിസ്ട്രാർ നിക്ഷേപകരോട് ആവശ്യപ്പെട്ടു.
സഹകരണ വകുപ്പ് നിയമം 68(1) പ്രകാരം ഹൈക്കോടതിയിൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പുകാർക്കെതിരെ നൽകിയിരിക്കുന്ന ഹർജിയിന്മേൽ സഹകരണസംഘം ഭരണസമിതി വാങ്ങിയിട്ടുള്ള സ്റ്രേ ഒഴിപ്പിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പ് തയ്യാറാകണമെന്ന ആവശ്യവും നിക്ഷേപകർ ഉന്നയിച്ചു.
അറസ്റ്റിലായ സംഘം പ്രസിഡന്റ് കെ.വിജയകുമാർ,സെക്രട്ടറി പി.ശ്രീകല,ബ്രാഞ്ച് മാനേജർ എ.ഗോപകുമാർ എന്നിവർക്കെതിരെ കോടതി സ്വീകരിച്ചിട്ടുള്ള അതേ നടപടിക്ക് മറ്റ് ബോഡംഗങ്ങളും ബാദ്ധ്യസ്ഥരാണെന്നും അതിനാൽ ഭരണസമിതിയിൽപ്പെട്ട വൈസ് പ്രസിഡന്റ്,മറ്റ് ബോർഡംഗങ്ങൾ എന്നിവരെയും അറസ്റ്ര് ചെയ്യണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.
സംഘം ഓഫീസിൽ നിന്ന് സെർച്ച് നടത്തി പൊലീസ് കൊണ്ടു പോയിട്ടുള്ള രേഖകൾ തിരിച്ചു വാങ്ങുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണം സമയബന്ധിതമായി നടത്തുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് 1.30ഓടെ നിക്ഷേപകർ പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |