ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്നും സുപ്രീംകോടതി ചോദിച്ചു. ഇങ്ങനെ കേസെടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണവും തേടി. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്തില്ലല്ലോയെന്ന വിമർശനവും ഉയർന്നു. മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹെെക്കോടതിയുടെ നിർദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ സജിമോൻ പാറയിലും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോട് സുപ്രീംകോടതിയുടെ ചോദ്യം. എസ്ഐടി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹെെക്കോടതി ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സജിമോൻ പാറയിലിനെ മുന്നിൽ നിർത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീംകോടതിയെ അറിയിച്ചു. സജിമോൻ പാറയിലിനും മേക്കപ്പ് ആർട്ടിസ്റ്റിനും അപ്പീൽ നൽകാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |