മുംബയ്: അടുത്തമാസം പാകിസ്ഥാനിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത് ദിവസങ്ങൾക്ക് മുൻപാണ്. പരമ്പരയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലാണ്. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഏകദിനത്തിൽ മികച്ച ഫോമിലുള്ള സഞ്‌ജു സാംസണിനെ ഉൾപ്പെടുത്താതെ ഫോമിനായി കഷ്‌ടപ്പെടുന്ന ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതിൽ വലിയ വിമർശനമാണ് ഉണ്ടായത്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് പന്ത് ടീമിലെത്തിയത്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎൽ രാഹുലുമാണ് ടീമിൽ ഇടംപിടിച്ചത്.
സെലക്‌ടർമാരുടെ ഈ തീരുമാനം നല്ലതാണെന്ന് മുൻപ് സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ മുൻ ഇന്ത്യൻ കീപ്പറായ ദിനേശ് കാർത്തിക്കും സെലക്‌ടർമാരെ പിന്തുണയ്‌ക്കുകയാണ്. 'ഇത് ഇങ്ങനെതന്നെയാണ് സംഭവിക്കേണ്ടത് അല്ലേ? സഞ്ജുവും പന്തും ബാറ്റർമാരാണ്. സെലക്‌ടർമാർ പന്തിലേക്കാണ് തിരിഞ്ഞത്. കാരണം അയാളൊരു ഇടംകൈ ബാറ്ററാണ്. സെലക്‌ടർമാർ തേടുന്ന വ്യത്യസ്‌തമായ മാറ്റം ബാറ്റിംഗിൽ പന്തിന് നൽകാനാകും. സഞ്‌ജുവിനുള്ള സാദ്ധ്യത വളരെ അതുപോലെയുണ്ടായിരുന്നു എന്നാൽ അദ്ദേഹം വിജയ് ഹസാരെ കളിച്ചില്ല എന്നതും സെലക്‌ടർമാർ പരിഗണിച്ചിരുന്നു.' ഒരു അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു.
സഞ്ജു വിജയ് ഹസാരെയിൽ കളിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനും എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ രഞ്‌ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ പന്തിനും തിളങ്ങാൻ കഴിഞ്ഞില്ല. നിലവിൽ ഏകദിനത്തിൽ 31 മത്സരങ്ങളിൽ 871 റൺസ് ആണ് പന്തിന്റെ സമ്പാദ്യം. അതേസമയം സഞ്‌ജുവിനാകട്ടെ 16 മത്സരങ്ങളിൽ 56 ശരാശരിയോടെ 510 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |