ചെന്നൈ: തൊഴിലിടത്ത് സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പെരുമാറ്റവും പ്രവൃത്തിയും
ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിൽസ്ഥലത്ത് ഇഷ്ടപ്പെടാത്ത പെരുമാറ്റം ശല്യപ്പെടുത്തുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെന്ന് ജസ്റ്റിസ് ആർ.എൻ മഞ്ജുള ഉത്തരവിട്ടു. പ്രവൃത്തിക്ക് അതിന്റെ ഉദ്ദേശ്യത്തെക്കാൾ മുൻഗണന നൽകുന്നുയെന്നും വ്യക്തമാക്കി.
എച്ച്.സി.എൽ ടെക്‌നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥർക്കെതിരേ സമർപ്പിച്ച പരാതി ലൈംഗികപീഡനമല്ലെന്ന ലേബർ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു നിരീക്ഷണം. അനഭിലഷണീയമായ പെരുമാറ്റമായി തോന്നുന്നുവെങ്കിൽ അത് ലൈംഗിക പീഡനത്തിന്റെ നിർവചനത്തിന് കീഴിലായിരിക്കുമെന്നതിൽ സംശയമില്ലെന്ന'യു.എസ് കോടതി വിധിയും കോടതി ഉദ്ധരിച്ചു.
അടിസ്ഥാനപരമായി വേണ്ടത് അച്ചടക്കവും ധാരണയുമാണ്. അവിടെ മാന്യതയാണ് മാനദണ്ഡം.
ന്യായബോധത്തിന്റെ മാനദണ്ഡം സ്ത്രീകൾക്ക് ഈ അക്രമം എങ്ങിനെ അനുഭവപ്പെട്ടു എന്നതിലാണെന്നും മറിച്ചല്ലെന്നും കോടതി നിരീക്ഷിച്ചു.
പാർത്ഥസാരത്ഥി എന്നയാൾ ശരീരത്തിൽ സ്പർശിച്ചെന്നും ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചെന്നും ആർത്തവചക്രത്തെക്കുറിച്ചും ചോദിച്ചെന്നുമാണ് ജീവനക്കാരുടെ പരാതി. ജോലിയുടെ ഭാഗമായാണ് ചോദിച്ചതെന്ന് പാർത്ഥസാരഥി വാദിച്ചെങ്കിലും പരാതികൾ പരിശോധിച്ച ശേഷം ഇയാൾക്കെതിരെ കമ്പനി നടപടിയെടുത്തു. എന്നാൽ ചെന്നൈയിലെ പ്രിൻസിപ്പൽ ലേബർ കോടതി ഈ നടപടി റദ്ദാക്കി.
തുടർന്ന് ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |