ലക്‌നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ കൊല്ലപ്പെട്ട ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എം.പി അവധേഷ് പ്രസാദ്. യുവതിയുടെ കുടുംബത്തിന് നീതി കിട്ടിയില്ലെങ്കിൽ ലോക്‌സഭാംഗത്വം രാജി വയ്ക്കുമെന്നും പറഞ്ഞു. എം.പി കരയുകയും മറ്റുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാണ്.
'ഞാൻ ഡൽഹിക്ക് പോകുന്നു. ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ മുൻപിൽ വിഷയം ഉന്നയിക്കും.
നീതി കിട്ടിയില്ലെങ്കിൽ ലോക്സഭയിൽ നിന്ന് രാജിവയ്ക്കും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെടുന്നു.
ചരിത്രം എങ്ങനെയായിരിക്കും നമ്മളെ വിലയിരുത്തുക? നമ്മുടെ മകൾക്ക് എങ്ങനെ ഇത് സംഭവിച്ചു. ഇരയ്ക്ക് നീതി ലഭിക്കണം"- അദ്ദേഹം പറഞ്ഞു.
നേരത്തെ മിൽക്കിപൂരിലെ എം.എൽ.എ.യായിരുന്നു അവധേഷ്. 2024ൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ഇതോടെ മിൽക്കിപൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അഞ്ചിനാണ് വോട്ടെടുപ്പ്.
ക്രൂരമെന്ന് ആരോപണം
ഇതിനിടെ കഴിഞ്ഞദിവസം കനാലിൽ 22കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്നും യുവതി മാനഭംഗത്തിനിരയായെന്നും കുടുംബം ആരോപിക്കുന്നു. വ്യാഴാഴ്ച രാത്രി മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസിനെ അറിയിച്ചെങ്കിലും സ്വന്തംനിലയിൽ അന്വേഷിക്കണമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് കുടുംബം പറഞ്ഞു. പിന്നാലെ നഗ്നയായ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയിട്ടനിലയിലായിരുന്നുവെന്നും മൃതദേഹത്തിൽനിന്ന് കണ്ണുകൾ നഷ്ടമായിരുന്നതായും കുടുംബം പറയുന്നു. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ വെള്ളിയാഴ്ച കേസെടുത്തിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |